ദുബൈ: എമിറേറ്റിലെ പ്രമുഖ റീട്ടെയ്ൽ ഷോപ്പിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി. ഏതാണ്ട് 3000 ദിർഹം വിലയുള്ള ലാപ്ടോപ്പാണ് ഇയാൾ മോഷ്ടിച്ചത്. ശിക്ഷാകാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി നിർദേശിച്ചു. ഷോപ്പിൽ തിരക്കേറിയ സമയത്ത് ജീവനക്കാർ മറ്റൊരു ഉപഭോക്താവിനെ പരിഗണിക്കുന്നത് മുതലെടുത്ത് പ്രതി ലാപ്ടോപ്പ് മോഷ്ടിക്കുകയായിരുന്നു.
ഇലക്ട്രോണിക് സെക്ഷനിലേക്ക് കടന്ന പ്രതി ലാപ്ടോപ്പിൽ നിന്ന് സുരക്ഷ ടാഗ് പറിച്ചൊഴിവാക്കിയ ശേഷം മുങ്ങുകയായിരുന്നു. എന്നാൽ, ഈ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. രണ്ട് ദിവസത്തിന് ശേഷം സുരക്ഷ സൂപ്പർവൈസർ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉടനെ പൊലീസിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു.
പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ, മിസ്ഡിമീനിയർ കോടതിയിലെത്തിയപ്പോൾ ഇയാൾ കുറ്റം നിഷേധിച്ചു.
മറ്റൊരാളാണ് കുറ്റം ചെയ്തതെന്നായിരുന്നു ഇയാളുടെ വാദം. ഇത് തള്ളിയ കോടതി സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിക്കുകയായിരുന്നു. കടയുടമക്ക് 2999 ദിർഹം നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.