ദുബൈ: തൊഴിലാളികളുടെ ആരോഗ്യവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ലേബർ റൺ 2026’ ഞായറാഴ്ച നടക്കും.ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ഖുറാനിക് പാർക്കിൽ രാവിലെ 7.30ന് ആരംഭിക്കും. ‘ടുഗതർ, വി റൺസ് ടു സപോർട്ട് വർക്ക്ഫോഴ്സ് ഹെൽത്ത്’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുക്കും.
പുരുഷന്മാർക്കായി ആറു കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളും സ്ത്രീകൾക്കായി മൂന്നുകിലോമീറ്റർ വിഭാഗവുമാണ് ഒരുക്കിയിരിക്കുന്നത്.തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിന് ദുബൈ നൽകുന്ന വലിയ പ്രാധാന്യത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. യു.എ.ഇയുടെ സുസ്ഥിര വികസനത്തിന്റെയും പുരോഗതിയുടെയും പ്രധാന തൂണുകളാണ് തൊഴിലാളി സമൂഹമെന്നും അവരുടെ പ്രയത്നങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യവും സന്തോഷകരമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുകയാണ് ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബൈ പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
‘സൂപ്പർ ഫിറ്റ് വർക്ക്ഫോഴ്സ്, സൂപ്പർ ഹിറ്റ് വർക്ക്ഫോഴ്സ്’ എന്ന സന്ദേശമുയർത്തുന്ന ഏഴാമത് ലേബർ റണ്ണിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റി, തഖ്ദീർ അവാർഡ് ഉൾപ്പെടെയുള്ള സംരംഭത്തിന് പിന്തുണ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.