എ.കെ. ബീരാന്‍കുട്ടി, സത്യന് കെ, റോയ് ഐ. വര്‍ഗീസ്, ഷബിന് പ്രേമരാജന്‍
അബൂദബി: പ്രവാസി സാമൂഹിക പ്രവര്‍ത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന അബൂദബി കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഇക്കുറിയും പഴയ മുഖങ്ങൾ തന്നെ. മുന്‍കാലങ്ങളിലേതുപോലെ സി.പി.എം അനുകൂല സംഘടനയായ ശക്തി തിയറ്റേഴ്സിനാണ് ഇത്തവണയും പ്രസിഡന്റ് സ്ഥാനം. സി.പി.ഐ നയിക്കുന്ന യുവകലാസാഹിതിയുടെ വിഹിതം വൈസ് പ്രസിഡന്റ് കസേരയാണ്. 2023-24 വര്‍ഷത്തെ നേതൃ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും യുവകലാസാഹിതിയുടെ റോയ് ഐ. വര്‍ഗീസിന് വൈസ് പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 16 പേരടങ്ങുന്ന ഭരണസമിതിയില്‍ താക്കോല്‍ സ്ഥാനങ്ങള്‍ കൊണ്ടും അംഗബലം കൊണ്ടും ശക്തി തിയറ്റേഴ്സിനു തന്നെയാണ് ശക്തി. യുവകലാസാഹിതിക്ക് രണ്ടും ഫ്രൻഡ്സ് എ.ഡി.എം.എസിന് ഒന്നും പ്രധാന സ്ഥാനങ്ങളില്‍ ഇരിപ്പിടം ലഭിച്ചിട്ടുണ്ട്.
245 ഓളം പേര് പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ മുന്‍ധാരണകള്‍ പ്രകാരമുള്ള തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതല്ലാതെ കാര്യമായ ചര്‍ച്ചകള്‍ക്കും മറ്റും സാധ്യതയുണ്ടായില്ല. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.കെ. ബീരാന്‍കുട്ടി അധ്യക്ഷ സ്ഥാനത്ത് മുമ്പ് ഒന്നിലധികം തവണ എത്തിയിരുന്നു. നേതൃ സ്ഥാനങ്ങളില്‍ തുടരുന്നവരുടെ പരിചയ സമ്പത്ത് വരുംകാല പ്രവര്‍ത്തനങ്ങളില്‍ ഗുണകരമാവുമെന്നാണ് പ്രതീക്ഷ.
മൂന്നാം തവണയും വൈസ് പ്രസിഡന്റായ റോയ് ഐ. വര്‍ഗീസ് പ്രഡിഡന്റ് സ്ഥാനത്തിന് അര്‍ഹനാണെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍, കേരള സോഷ്യല്‍ സെന്ററിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ശക്തി തിയറ്റേഴ്സിനു തന്നെ പ്രസിഡന്റ് സ്ഥാനം നല്‍കിവരുന്ന കീഴ്വഴക്കം ഇക്കുറിയും തുടരുകയായിരുന്നു. കോവിഡ് മഹാമാരിക്കുശേഷം സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ‘ശക്ത’മാവാനാണ് കെ.എസ്.സിയുടെ തീരുമാനം.
യു.എ.ഇ സാമൂഹികക്ഷേമ മന്ത്രാലയ പ്രതിനിധികളായ മഹറ ഉമര്‍ അല്‍ അമരി, ഖുലൂദ് അബ്ദുല്ല, അഹമ്മദ് അല്‍ മന്‍സൂരി, അബ്ദുല്ല അഹമ്മദ് ഹുസൈന്, ട്രാൻസ് ലേറ്റര്‍ അബ്ബാസ് വി.കെ. എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷെറിന് വിജയന് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ നികേഷ് വലിയവളപ്പില്‍ വരവ് ചെലവ് കണക്കുകളും 2023-2024 വര്‍ഷത്തെ ബജറ്റും അവതരിപ്പിച്ചു. ഓഡിറ്റര്‍ ജയന് കെ.ബി ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.വി. മോഹനന്, സുനീര്‍ എം., അഡ്വ. സലീം ചോലമുഖത്ത്, കെ.കെ. ശ്രീവല്സന്, ബി.യേശുശീന് സംസാരിച്ചു. ജയന് കെ.ബി. തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: എ.കെ. ബീരാന്‍കുട്ടി (പ്രസി.), റോയ് ഐ. വര്‍ഗീസ് (വൈ. പ്രസി.), സത്യന് കെ. (ജന. സെക്ര.), ഷബിന് പ്രേമരാജന്‍ (ട്രഷ.), റെജിലാല്‍ കോക്കാടന്‍ (ഓഡിറ്റര്‍), സുല്‍ഫിഖര്‍ വട്ടിപ്പറമ്പില് (അസി. ഓഡിറ്റര്‍), ലതീഷ് ശങ്കര്‍, അബ്ദുസ്സലാം നഹാസ്, റഫീഖ് അലി കൊല്ലിയത്ത്, റഫീഖ് ചാലില്‍ മുനമ്പത്ത്, പി.എം. സുലൈമാന്‍, ഇ. റഷീദ്, ഷോബി കെ.എ, ശ്രീകാന്ത് പൊക്കാടത്ത്, അഭിലാഷ് തോമസ് തറയില്‍, വേലായുധന് സുബാഷ് (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.