റാസല്‍ഖൈമ: യു.എ.ഇയുടെ ഏറ്റവും ഉയര്‍ന്ന പര്‍വത പ്രദേശമായ ജൈസ് മലനിരയില്‍ സന്ദര്‍ശകര്‍ക്ക് കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്പ്ലൈന്‍ കൂടി പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ജബല്‍ ജൈസില്‍ എത്തുന്നവരുടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. അവധി ദിനങ്ങളില്‍ വാഹന തിരക്കില്‍ വീര്‍പ്പുമുട്ടുന്ന ഇവിടെ പാര്‍ക്കിങ് സൗകര്യങ്ങള്‍ വിപുലമാക്കാനുള്ള പ്രവൃത്തികളും നടക്കുന്നുണ്ട്. ഇതിനൊപ്പം ശൗചാലയങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. കല്ലുകള്‍ പതിച്ചും ചവിട്ടുപടികള്‍ സ്ഥാപിച്ചും നിലവിലുള്ള വിശ്രമ സ്ഥലങ്ങള്‍ കുടുതല്‍ മനോഹരമാക്കിയിരിക്കുകയാണ് അധികൃതര്‍. പരിസ്ഥിതി സൗഹൃദ വികസന പ്രവൃത്തികള്‍ക്കാണ് ഈ മേഖലയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് റാക് ടൂറിസം വകുപ്പ് മേധാവി ഹൈത്തം മത്താര്‍ അഭിപ്രായപ്പെട്ടു.
വിശ്രമ സ്ഥലങ്ങളില്‍ കൂടുതല്‍ ദൂരദര്‍ശിനികള്‍ സ്ഥാപിക്കും. മൂന്നര മാസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സിപ്പ്ലൈന്‍ ഇതുവരെ 5000ത്തോളം സന്ദര്‍ശകര്‍ ഉപയോഗപ്പെടുത്തി. ഗിന്നസ് റെക്കോര്‍ഡ് നേടിയ സിപ്പ്ലൈന്‍ സമാന്തരമായി രണ്ടെണ്ണം കൂടി ജൂലൈയില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ഇതിെൻറ പ്രവൃത്തികള്‍ അടുത്തമാസം ആരംഭിക്കുമെന്നും ഹൈത്തം വ്യക്തമാക്കി. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്ത് ജബല്‍ ജൈസ് പ്രദേശത്ത് പൊലീസ് പട്രോളിംഗും ശക്തമാക്കും. മല കയറുന്നതിന് രണ്ട് വരിയും ഇറങ്ങുന്നതിന് ഒറ്റ വരിയുമായാണ് ജബല്‍ ജൈസ് പാത സംവിധാനിച്ചിട്ടുള്ളത്. ഇവിടെ റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നത് ദുരന്തങ്ങള്‍ക്ക് ഇട വരുത്തുന്നതാണ്. ഈ മേഖലയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികളും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.