ഇന്റർനാഷനൽ യൂത്ത് ഡേയുടെ ഭാഗമായുള്ള യുവജന സംഗമത്തിൽ ലഫ്. ജനറൽ മുഹമ്മദ്
അഹ്മദ് അൽ മർറി സംസാരിക്കുന്നു
ദുബൈ: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് യുവജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും തൊഴിൽപരമായ ഭാവി രൂപപ്പെടുത്തുന്നതിനും ഊന്നൽ നൽകി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു. ഖവാനീജിലെ മജ്ലിസിൽ നടന്ന പരിപാടിയിൽ ജി.ഡി.ആർ.എഫ്.എയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, അസി. ഡയറക്ടർ ജനറൽമാർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
മനുഷ്യവിഭവ ശേഷിയിൽ നിക്ഷേപിക്കുന്നതിനും ഭാവിനേതാക്കളെ വളർത്തുന്നതിനുമുള്ള യു.എ.ഇയുടെ കാഴ്ചപ്പാടിന് അനുസൃതമായി ജി.ഡി.ആർ.എഫ്.എയുടെ യുവനയത്തിന് തുടക്കം കുറിക്കുക എന്നതായിരുന്നു സംഗമത്തിന്റെ പ്രധാന ലക്ഷ്യം. പ്രധാന വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകളും സംവാദങ്ങളും സംഗമത്തിൽ നടന്നു.
ഭാവിയിലെ കഴിവുകളും ശേഷികളും വികസിപ്പിക്കുക, സന്തോഷവും ജീവിതനിലവാരവും ഉറപ്പുവരുത്തുക, നവീകരണവും ഡിജിറ്റൽ പരിവർത്തനവും, ദേശീയ സ്വത്വവും സാമൂഹിക മൂല്യങ്ങൾ, പങ്കാളിത്തം, പ്രാതിനിധ്യം എന്നിവയായിരുന്നു ചർച്ച വിഷയങ്ങൾ. യുവജനങ്ങൾ യഥാർഥ സമ്പത്തും ഭാവിയുടെ ശിൽപികളുമാണ്. അവരിൽ നിക്ഷേപിക്കുന്നത് ഭാവിനേട്ടങ്ങളിലേക്കുള്ള നിക്ഷേപമാണെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.