അബൂദബി: അബൂദബിയിലെ താമസ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ അറിയിച്ചതോടെ ആശങ്കയേറി. വര്‍ധിച്ചുവരുന്ന വാടക തുച്ഛമായ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ബാച്ചിലേഴ്സിനും കുടുംബങ്ങള്‍ക്കുമെല്ലാം വലിയ ബാധ്യതയാണ്. ഇതിനാല്‍ തന്നെ വലിയ സൗകര്യങ്ങളൊന്നുമില്ലെങ്കിലും തല ചായ്ക്കാന്‍ കിട്ടുന്ന ഇടങ്ങളില്‍ വാടക കുറവുള്ളത് തിരഞ്ഞെടുക്കുക എന്നതാണ് പ്രവാസികളുടെ രീതി. ജീവിതച്ചെലവില്‍നിന്ന് രക്ഷ നേടാന്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നവര്‍ക്ക് താമസം കുറഞ്ഞ വാടകക്കു ലഭിക്കുന്നത് വലിയ ആശ്വാസമാണ്. ഒരു ഫ്ലാറ്റില്‍ രണ്ടോ അധികമോ കുടുംബങ്ങള്‍ താമസിക്കുന്നത് കുറഞ്ഞ വരുമാനക്കാര്‍ക്കിടയില്‍ സാധാരണമാണ്.
അനുമതിയില്ലാതെ കെട്ടിടത്തില്‍ രൂപമാറ്റം വരുത്തി കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നത് 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റമാണെന്നും ജനുവരി ഒന്നുമുതല്‍ പരിശോധന ഊര്‍ജിതമാക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചത് ഇവരെ ആശങ്കയിലാക്കുന്നു. സ്വദേശികളുടെ പേരിലുള്ള വില്ലകള്‍ എടുത്ത് അനുമതിയില്ലാതെ വിഭജിച്ചും കൂട്ടിച്ചേര്‍ത്തും നിരവധി പേരാണ് വാടകക്കു നല്‍കുന്നത്. ഇതിനായി റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളും സജീവമാണ്. നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം എന്ന പേരില്‍ നടത്തുന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമായാണ് നഗരസഭ നടപടി ശക്തമാക്കുന്നത്. കുടുംബ താമസ കേന്ദ്രങ്ങളില്‍ ബാച്ച്ലേഴ്സ് താമസിക്കുന്നതും കെട്ടിടത്തിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ പേര് താമസിക്കുന്നതും കുറ്റകരമാണ്. താമസക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം കർശനമാക്കുന്നത്.
കൂടുതല്‍ പേര് ഒരിടത്ത് താമസിക്കുന്നതില്‍ സുരക്ഷാപ്രശ്നവും അധികൃതര്‍ ഉയര്‍ത്തുന്നുണ്ട്. വൈദ്യുതി, പാചകവാതകം തുടങ്ങിയവ കൂടുതൽ പേര് ഉപയോഗിക്കുന്നത് അഗ്നിബാധക്ക് ഇടയാക്കും. മുന്‍ പരിചയമോ പരസ്പരബന്ധമോ ഇല്ലാത്ത കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്നത് ആളുകള്‍ക്കിടയില്‍ ബുദ്ധിമുട്ടുണ്ടാക്കും. താമസക്കാര്‍, അവിവാഹിതര്‍, കുടുംബങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാന്‍ താമസക്കാര്‍ക്ക് ബാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. താമസസ്ഥലം മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വാടകക്കു നല്‍കുന്നതും കുറ്റകരമാണ്. പൊളിക്കാന്‍ ഇട്ടിരിക്കുന്ന കെട്ടിടങ്ങളില്‍ താമസിക്കുന്നത് നിയമ ലംഘനമാണ്.
കുടുംബങ്ങള്‍ക്കുള്ള താമസസ്ഥലം ബാച്ച്ലേഴ്സിനു നല്‍കുന്നതും ശിക്ഷ ലഭിക്കും. ഇത്തരം കുറ്റങ്ങള്‍ക്ക് 50,000 മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെയാണ് പിഴ. വാടക കരാര്‍ റദ്ദാക്കിയിട്ടും താമസം തുടര്‍ന്നാലോ കൃഷിസ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാലോ 25,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.