‘ഗൾഫുഡി’ലെ ഇന്ത്യൻ സ്റ്റാളിൽ ഉൽപന്നങ്ങളുടെ സാമ്പിൾ രുചിക്കുന്നവർ
ദുബൈ: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ, പാനീയ പ്രദർശനമായ ‘ഗൾഫുഡി’ൽ സജീവ സാന്നിധ്യമറിയിച്ച് ഇന്ത്യൻ ഉൽപാദകരും കമ്പനികളും. ഇന്ത്യയിൽനിന്ന് വാണിജ്യ മന്ത്രാലയത്തിന് കീഴിലെ കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപന്ന കയറ്റുമതി വികസന അതോറിറ്റി(എ.പി.ഇ.ഡി.എ)യുടെ നേതൃത്വത്തിൽ നൂറോളം കയറ്റുമതി സംരംഭങ്ങൾ മേളക്കെത്തിയിട്ടുണ്ട്. വനിത സംരംഭകർ, സ്റ്റാർട്ടപ്പുകൾ, കയറ്റുമതിക്കാർ, ഉൽപാദകർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ കമ്പനികൾ മേളക്കെത്തിയിട്ടുണ്ട്. കാർഷിക, പാൽ, പയർ, ഇറച്ചി ഉൽപന്നങ്ങളാണ് പ്രധാനമായും പ്രദർശനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
മേളയിലെ ഇന്ത്യൻ പവലിയനുകളുടെ ഉദ്ഘാടനം ആദ്യദിവസം കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി പശുപതി കുമാർ പറസ് നിർവഹിച്ചിരുന്നു. കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ ധാന്യങ്ങൾ, പാസ്ത, നൂഡ്ൽസ്, ബിസ്ക്കറ്റ്, സ്നാക്സ് തുടങ്ങിയവ ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനികളെയും സ്റ്റാർട്ടപ്പുകളെയും പ്രോൽസാഹിപ്പിക്കുകയും വിവിധ ആഗോള കമ്പനികളുമായി ധാരണയിലെത്താൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. ധാന്യങ്ങളുടെ പ്രത്യേകമായ പ്രോൽസാഹനത്തിനായി ‘മില്ലെത് ഗാലറി’ ഒരുക്കിയിട്ടുമുണ്ട്.
ഇത്തവണ ഗൾഫുഡിലെ ഏറ്റവും കൂടുതൽ പ്രദർശകർ എത്തിച്ചേർന്ന രാജ്യം കൂടിയാണ് ഇന്ത്യ. ബസ്മതി അരി മുതൽ മലയാളിയുടെ ചക്ക ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾ വരെ മേളയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന കയറ്റുമതി രാജ്യങ്ങളെന്ന നിലയിൽ ഗൾഫിൽ കൂടുതൽ ബന്ധങ്ങൾ രൂപപ്പെടുത്താനാണ് മേളയിലെ പ്രാതിനിധ്യത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 2022 ഫെബ്രുവരിയിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറി(സെപ)ന്റെ പശ്ചാത്തലത്തിൽ കൂടുതൽ ധാരണകളിലും കരാറുകളിലും എത്തിച്ചേരുന്നത് എളുപ്പമായിട്ടുണ്ടെന്ന് ദുബൈ കോൺസുലേറ്റ് പുറത്തിറക്കിയ എ.പി.ഇ.ഡി.എയുടെ പ്രസ്താവനയിൽ പറയുന്നു. എ.പി.ഇ.ഡി.എയും യു.എ.ഇ സർക്കാറിന്റെ നോഡൽ ഏജൻസിയായ അൽ ദഹ്റ ഹോൾഡിങ്സുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും വ്യാപാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് കരാറിലെ ധാരണ. യു.എ.ഇയിലേക്കുള്ള ഇന്ത്യൻ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 35 ശതമാനം വളർച്ച കഴിഞ്ഞ കാലയളവിലുണ്ടായിട്ടുണ്ട്.
പഞ്ചസാര, ബസുമതി അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഗോതമ്പ്, ചായ, സമുദ്രോൽപന്നങ്ങൾ, മാംസം, പച്ചക്കറികൾ, പുകയില ഉൽപന്നങ്ങൾ, കശുവണ്ടി, പഴങ്ങൾ, പയറുവർഗങ്ങൾ, പാനീയങ്ങൾ, പാലുൽപന്നങ്ങൾ തുടങ്ങിയവയാണ് കൂടുതലായി കയറ്റുമതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.