ദുബൈ: പ്രവാസികൾക്കായി പ്രവാസികൾക്കിടയിൽനിന്ന് എം.എൽ.എ വേണമെന്ന കാമ്പയിനുമായി പ്രവാസി സംഘടനകൾ. കോൺഗ്രസിെൻറ പ്രവാസി പോഷക സംഘടനകളായ ഇൻകാസ്, ഒ.െഎ.സി.സി, ഇൻകാസ് യൂത്ത് വിങ് എന്നിവയാണ് കാമ്പയിനുമായി രംഗത്തിറങ്ങിയത്.
നിയമസഭ തെരഞ്ഞെടുപ്പിെൻറ സീറ്റ് നിർണയ ചർച്ചകൾ കേരളത്തിൽ സജീവമായിരിക്കെ തങ്ങൾക്കും പ്രാതിനിധ്യം വേണമെന്നാണ് ഇവരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് കൂട്ട ഇ-മെയിൽ അയക്കുന്ന കാമ്പയിന് തുടക്കമിട്ടു. ഇത് മറ്റ് ജി.സി.സിയിലേക്കും വ്യാപിപ്പിക്കും.
കൃത്യമായ പദ്ധതിയോടെയാണ് കാമ്പയിൻ തുടങ്ങിയത്. ആദ്യപടിയായി ജി.സി.സിയിലെ കോൺഗ്രസ് സംഘടനകളെ ഒരുമിച്ചുചേർത്ത് വാട്സ്ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകൾ തുടങ്ങി. ഇതുവഴിയാണ് കാമ്പയിൻ ചർച്ച നടക്കുന്നത്. കെ.പി.സി.സി നേതാക്കൾക്ക് ഇ-മെയിലും വാട്സ്ആപ് സന്ദേശവും അയക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, കാമ്പയിന് ശക്തിപകരുന്നതിന് എ.ഐ.സി.സിയുടെ മുതിർന്ന നേതാക്കൾക്കടക്കം സന്ദേശം അയക്കും. കൂടാതെ എ.ഐ.സി.സി നേതൃത്വത്തെ നേരിൽ കണ്ട് ഉന്നയിക്കും.
കോവിഡ് കാലത്ത് പ്രവാസി പ്രതിനിധിയില്ലാത്തതിെൻറ കുറവ് കേരളത്തിൽ ഉണ്ടായി എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് സ്വന്തമായി എം.എൽ.എ എന്ന ആശയത്തിലെത്തിയത്. കേരളത്തിെൻറ 15ാമത്തെ ജില്ലയായി പ്രവാസികളെ പരിഗണിച്ച് സീറ്റ് നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഹൈദർ തട്ടത്താഴത്ത്, അഖിൽ ദാസ് ഗുരുവായൂർ, ജംഷാദ് കുറ്റിപ്പുറം, ജിജോ ചിറക്കൽ, റോബി യോഹന്നാൻ, സാദിഖ് ഒറ്റപ്പാലം, നിസാർ വിളയൂർ, മുഹമ്മദ് കാളിപറമ്പിൽ, ഷഫീഖ് ചാലിശ്ശേരി എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.