ഇഫ്താറിൽ പങ്കെടുത്ത മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ അവാർ തൊഴിലാളികളുമായി സംവദിക്കുന്നു
ദുബൈ: സാധാരണ തൊഴിലാളികൾക്കുവേണ്ടി ഒരുക്കിയ ഇഫ്താറിൽ യു.എ.ഇ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുറഹ്ൻ അൽ അവാറും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അടക്കമുള്ളവർ പങ്കെടുത്തു. ബൈത്ത് അൽ ഖൈർ സൊസൈറ്റിയുമായി സഹകരിച്ച് അൽ ഖവാനീജിലെ അൽ റാശിദ് മസ്ജിദിലാണ് ഇഫ്താർ ഒരുക്കിയത്. സാധാരണ തൊഴിലുകൾ നിർവഹിക്കുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികളാണ് ചടങ്ങിൽ പങ്കെടുത്തത്.
തൊഴിലാളികളുമായി അടുത്തിടപഴകുകയും അവരെ ശ്രദ്ധിക്കുകയും തൊഴിൽ വിപണിയിലെ അവരുടെ അനുഭവങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നത് തങ്ങളുടെ കടമയാണെന്നും റമദാൻ അതിനുള്ള മികച്ച അവസരമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. യു.എ.ഇയുടെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത സംഭാവനകൾ നൽകുന്ന തൊഴിലാളികൾ അഭിനന്ദനവും ആദരവും അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഫ്താർ ഒരുക്കിയ സംഘാടകരെ മന്ത്രി അഭിനന്ദിക്കുകയും ഇമാറാത്തി മൂല്യങ്ങൾക്ക് അനുസരിച്ചാണ് ഇഫ്താർ ഒരുക്കിയതെന്ന് പറയുകയും ചെയ്തു. നേരത്തേ റമദാൻ തുടങ്ങുന്നതിന് മുന്നോടിയായി യു.എ.ഇയിലെ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന എല്ലാ തൊഴിലാളികളുടെയും ജോലിസമയം രണ്ടു മണിക്കൂർ കുറച്ചിരുന്നു. അതോടൊപ്പം കമ്പനികൾക്ക് പ്രവൃത്തിസമയം മാറ്റാനും വർക് അറ്റ് ഹോം ഏർപ്പെടുത്താനും അനുവാദം നൽകുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.