ഐ.എസ്.എസിന്റെ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾ
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന ഈ വർഷത്തെ സമ്മർ ക്യാമ്പിന് ഐ.എ.എസ് കമ്യൂണിറ്റി ഹാളിൽ തുടക്കം. അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ 300ലധികം കുട്ടികൾ ആദ്യ ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ് സ്വാഗതം പറഞ്ഞു. ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അഡ്മിനിസ്ട്രേറ്റിവ് സെക്ഷൻ ഡയറക്ടർ താഹിർ അഹമ്മദ് അൽ മെഹ്റസി ലോഗോ പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, ബദ്രിയ അൽ തമീമി (മാനേജർ ഓഫ് സ്കൂൾ ഓപറേഷൻസ്) ഇൻഫോ സ്കിൽസ് ഡയറക്ടർ നസ്റീൻ അഹമ്മദ് ബാവ എന്നിവർ ആശംസകൾ നേർന്നു. ഐ.എ.എസ് ട്രഷറർ ഷാജി ജോൺ നന്ദി പറഞ്ഞു.
വേനലവധിക്കാലത്ത് വിദ്യാർഥികളെ സൃഷ്ടിപരവും സാംസ്കാരികവുമായ മികച്ച പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യംവെച്ചാണ് ഏഴു ദിവസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസവും വിനോദപരവുമായ അനുഭവങ്ങൾ പങ്കുവെക്കുന്നതോടൊപ്പം യുവാക്കൾക്കിടയിൽ നേതൃത്വം, ടീം വർക്ക്, സർഗാത്മകത എന്നിവ ഉത്തേജിപ്പിക്കുന്നതിനുള്ള പരിശീലനങ്ങളും പ്രവർത്തനങ്ങളും ക്യാമ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ദുബൈ ഇൻഫോ സ്കിൽസുമായി ചേർന്ന് ആഗസ്റ്റ് ഒമ്പത് മുതൽ 15 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ശില്പശാലകൾ, കലാകായിക പരിശീലനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, കരകൗശല പ്രവർത്തനങ്ങൾ, സാംസ്കാരിക അവബോധ ക്ലാസുകൾ, സംവേദനാത്മക ഗെയിമുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ലാസ്മുറികൾക്കപ്പുറത്തേക്കുള്ള പഠനത്തിനും വളർച്ചക്കും ഉതകുന്ന വേദി കണ്ടെത്തുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
ക്യാമ്പിന്റെ സമാപനവും ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിന ആഘോഷവും ആഗസ്റ്റ് 15ന് ഒരുമിച്ചു നടത്തും. വൈകീട്ട് ഏഴു മുതൽ രാത്രി 11 വരെ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സമാപന പരിപാടിയിൽ ദേശസ്നേഹം, അംഗീകാരം എന്നിവ ലക്ഷ്യമിട്ടുള്ള സാംസ്കാരിക പ്രകടനങ്ങൾ, ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടികൾ എന്നിവ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.