കുരുന്നുകള്‍ക്കും യുവ തലമുറയ്ക്കുമായി വിവിധ ആരോഗ്യ പരിപാലന പദ്ധതികളാണ് അബൂദബി എമിറേറ്റ് നടപ്പാക്കി വരുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ വരുംതലമുറയ്ക്കായി പൈതൃക കായിക പദ്ധതിക്കും തുടക്കം കുറിച്ചു. അബൂദബി ഫാല്‍കണേഴ്സ്, മറൈന്‍ സ്പോര്‍ട്സ്, ഇക്വേസ്ട്രിയന്‍ ക്ലബ്സ് തുടങ്ങിയവയുമായി സഹകരിച്ചാണ് കായിക കൗണ്‍സിലിന്റെ പദ്ധതി. ഭാവി തലമുറ രാജ്യത്തിന്റെ പാരമ്പര്യത്തിലും ചരിത്രത്തിലും ഭാഗമാവുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി യു.എ.ഇയുടെ സാംസ്കാരിക, പൈതൃക സ്പോര്‍ട്സുകള്‍ വരുംതലമുറകള്‍ക്കായി പരിരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പരിശീലകരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ നടത്തും. പൈതൃക കായിക ഇനങ്ങളുടെ പങ്ക് ഊന്നിപ്പറയുക, അവയുടെ നിലവിലെ അവസ്ഥ ബോധ്യപ്പെടുത്തുക, അവ രാജ്യത്തിന്റെ സ്വത്വത്തിനു നല്കിയ സംഭാവനകള്‍ തുടങ്ങിയവയാണ് പരിശീലന, ബോധവല്‍ക്കരണ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നത്.
എമിറേറ്റ് ഫൗണ്ടേഷന് ഫോര്‍ എജ്യുക്കേഷനുമായി സഹകരിച്ച് ചെറിയ കുട്ടികള്‍ക്കായി കരയാത്രകള്, മറൈന്‍ സ്പോര്‍ട്സ്, കുതിരയോട്ടം മുതലായവ സംഘടിപ്പിക്കും. ആക്ടിവിറ്റീസ് ആന്റ് പ്രോഗ്രാംസ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ റുമൈതിയുടെ മേല്‍നോട്ടത്തില്‍ അബൂദബി ഫാല്കണേഴ്സില് പദ്ധതിയുടെ ആദ്യഘട്ട ലോഞ്ചിങ് നടന്നു. അബൂദബി മറൈന്‍ സ്പോര്‍ട്സ് ക്ലബ്ബിലെ അല്‍ ശെറാസ് സ്കൂളില്‍ മെയില്‍ അബൂദബി മറൈന്‍ പദ്ധതി നടക്കും. മെയ് മാസത്തില്‍തന്നെ അബൂദബി ഇക്വേസ്ട്രിയന്‍ ക്ലബില്‍ ദ റൈഡേഴ്സ് പദ്ധതിയും നടക്കും.
പൈതൃക സ്പോര്‍ട്സ് പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബൂദബി സ്പോര്‍ട്സ് കൗണ്‍സിലിലെ സ്പോര്‍ട്സ് ഡവലപ്മെന്റ് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തലാല്‍ അല്‍ ഹാഷിമി പറഞ്ഞു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് ബോധവല്‍ക്കരണം സൃഷ്ടിക്കുകയാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുംതലമുറയുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി വിവിധ കര്‍മ പദ്ധതികളാണ് അധികൃതര്‍ കാലോചിതമായി നടപ്പാക്കി വരുന്നത്. ഊര്‍ജ്വസ്വലതയുള്ള ജീവിതശൈലിയുടെ ഗുണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബൂദബി എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫുട്ബാൾ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. 12നും 14നും ഇടയില്‍ പ്രായമുള്ള ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ ഭാഗമായ 64 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.
ഊര്‍ജ്വസ്വലവും ആരോഗ്യത്തോടെയുള്ള ജീവിതശൈലി കുട്ടികള്‍ക്ക് ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായാണ് അഡക് സ്പോര്‍ട്സ് കപ് ആരംഭിച്ചതെന്നും ഇത് കുട്ടികളില്‍ ഗുണകരമായ മാറ്റം വരുത്തുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അഡക് അണ്ടര്‍ സെക്രട്ടറി അമീര്‍ അല്‍ ഹമ്മാദി പറഞ്ഞിരുന്നു. സ്കൂളുകളില്‍ കായിക പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നവംബറില്‍ യു.എ.ഇയിലെ ഇരുന്നൂറോളം സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ സ്പെഷ്യല്‍ ഒളിംപിക്സ് പദ്ധതിയില്‍ ഒപ്പുവച്ചിരുന്നു. 11 വര്‍ഷം മുമ്പ് യു.എസില്‍ തുടക്കം കുറിച്ച യുനിഫൈഡ് ചാംപ്യന്‍ സ്കൂള്‍ എന്ന പദ്ധതിയുടെ തുടര്‍ച്ചയാണിത്. ഇതിന്റെ ലക്ഷ്യം ബൗദ്ധിക വൈകല്യമുള്ളതോ അല്ലാത്തതോ ആയ കുട്ടികളെ കായിക ഇനങ്ങളില്‍ പങ്കെടുപ്പിക്കുക, കായിക ക്ലബ്ബുകളില്‍ ചേര്‍ക്കുക, ഒരുമിച്ച് പരിശീലനം നേടാനും പഠിക്കാനും അവസരമൊരുക്കുക എന്നിവയാണ്. 2019ലാണ് സ്പെഷ്യല്‍ ഒളിംപിക്സ് യു.എ.ഇയിൽ യുനിഫൈഡ് ചാംപ്യന്‍ സ്കൂള്‍സ് പദ്ധതി അവതരിപ്പിച്ചത്.
ഇപ്പോഴത് രാജ്യവ്യാപകമായി ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ എല്ലാ സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ രാജ്യം കൂടിയാണ് യു.എ.ഇ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.