റാക് മുൻതസിർ റോഡ് ഇന്ത്യൻ അസോസിയേഷന് മുന്നിലുണ്ടായ വെള്ളക്കെട്ട്
റാസൽൈഖമയിലെ വാദി ഷാമിൽ മണ്ണിൽ പൂണ്ടുപോയ കാർ
ദുബൈ: യു.എ.ഇയിൽ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കനത്ത നാശം. ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലെ താഴ്ന്ന പ്രദേശങ്ങൾ ഭൂരിഭാഗവും വെള്ളിത്തിനടിയിലായി. ഫുജൈറ, കൽബ, ദിബ്ബ, ഖോർഫക്കാൻ തുടങ്ങിയ കിഴക്കൻ മേഖലകളിലും തീരപ്രദേശങ്ങളിലുമാണ് വ്യാപകമായ മഴ ലഭിച്ചത്.
ഷാർജയിലെ പാർക്കിങ് സ്ഥലങ്ങളിൽ വെള്ളം കയറിയ നിലയിൽ
പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. റാസൽഖൈമയിലും ഷാർജയിലും വാദികൾ നിറഞ്ഞൊഴുകി. കച്ചകളിലും പാർക്കിങ് മേഖലകളിലും നിർത്തിയിട്ട നൂറു കണക്കിന് കാറുകൾ വെള്ളത്തിനടിയിലായി.
ഷാർജയിലെ പാർക്കിങ് ഏരിയയിൽ വെള്ളം കയറിയ നിലയിൽ
റാസൽഖൈമയിലെ മലയോര മേഖലകളിൽ മണ്ണിടിച്ചിലുമുണ്ടായി. ബസ് സ്റ്റാൻഡുകളിൽ വെള്ളം കയറിയതോടെ ഷാർജയിൽ ബസ് സർവിസുകൾ നിർത്തിവെക്കേണ്ടി വന്നു.
ദുബൈ, ഷാർജ, അബൂദബി വിമാനത്താവങ്ങളുടെ പ്രവർത്തനങ്ങളേയും മഴ കാര്യമായി ബാധിച്ചു. ദുബൈയിൽ എമിറേറ്റ്സ് എയർലൈൻ 15ലധികം സർവിസുകളും ഷാർജയിൽ എയർഅറേബ്യ ചില സർവിസുകളും റദ്ദാക്കി. ഏതാണ്ട് 129 വിമാന സർവിസുകൾ വൈകിയതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. റാസൽഖൈമയിലും അൽഐനിന്റെ ചില പ്രദേശങ്ങളിലും വലിയ തോതിൽ ആലിപ്പഴ വർഷവുമുണ്ടായി. ദുബൈയിൽ ഷിന്ദഗ ടണലിൽ വെള്ളം കയറിയതിനെ തുടർന്ന് അൽപ നേരം ഗതാഗതം തടസ്സപ്പെട്ടു. ഷാർജ, അജ്മാൻ എമിറേറ്റുകളിൽ റസിഡൻഷ്യൽ മേഖലകൾ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും വെള്ളം കയറിയ നിലയിലാണ്.
അറേബ്യൻ കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് മഴ തുടരാൻ കാരണം. ഇക്കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച മഴ വ്യാഴാഴ്ച വൈകീട്ടോടെയാണ് ശക്തിപ്രാപിച്ചത്. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) രാജ്യ വ്യാപകമായി മഞ്ഞ, ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് വെള്ളിയാഴ്ച സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നു. ദുബൈയിൽ 22 പ്രധാന സ്ഥലങ്ങളിൽ ദുബൈ പൊലീസ് രക്ഷ സേനയെ നിയോഗിച്ചിട്ടുണ്ട്. ദുബൈയിലെ ഹത്ത, റാസൽഖൈമയിലെ ജബൽജെയ്സ് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാണ്. പൊലീസ്, ദേശീയ ആംബുലൻസ് സർവിസ്, സിവിൽ ഡിഫൻസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ റാസൽഖൈമയിലുണ്ടായ കൊടുങ്കാറ്റിലും മഴയിലും കോൺക്രീറ്റ് പാളി തലയിൽ വീണ് മലയാളി യുവാവ് മരണപ്പെട്ടിരുന്നു. മഴ നനയാതിരിക്കാൻ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ അഭയം തേടിയ മലപ്പുറം കൊടിഞ്ഞി സ്വദേശി സല്മാന് ഫാരിസാണ് (27) ദാരുണമായി മരണപ്പെട്ടത്. റാസല്‍ഖൈമയില്‍ ഇസ്താംബൂള്‍ ശവര്‍മ ബ്രാഞ്ച് ഒന്നില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഫുജൈറ റോഡിൽ വാഹനം റോഡിൽ തെന്നിമാറി മറിഞ്ഞ നിലയിൽ
ഫുജൈറ: ശക്തമായ മഴയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് നിസ്സാര പരിക്ക്. വ്യാഴാഴ്ച വൈകീട്ട് ഫുജൈറയിലേക്കുള്ള ശൈഖ് ഖലീഫ സ്ട്രീറ്റിലായിരുന്നു അപകടമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു.
പരിക്കേറ്റ ഡ്രൈവറെ ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ട്രാഫിക്, പട്രോളിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു. ശാക്തമായ കാറ്റിലും മഴയിലും റോഡ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊലീസ് അതീവ ജാഗ്രത പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാന റോഡുകളിലും അപകട സാധ്യത കൂടുതലുള്ള ഇടങ്ങളിലും പട്രോളിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ഓപറേഷൻ റൂമുകൾ മുഴുവൻ റോഡുകളും യഥാസമയം നിരീക്ഷിച്ചുവരുകയാണ്. ശക്തമായ മഴയിൽ കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ വേഗത പരിധി കുറക്കുകയും വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കുകയും വേണം. അശ്രദ്ധമായി വാഹനമോടിക്കുന്നതിൽ നിന്നും അഭ്യാസപ്രകടനങ്ങളിൽ നിന്നും വിട്ടുനിൽക്കണം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.
അബൂദബി: മഴയത്തും അസ്ഥിര കാലാവസ്ഥകളിലും വാഹനമോടിക്കുന്നവര്‍ അതിജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു. ഈ സമയങ്ങളില്‍ താഴ്വരകളിലും ജലാശയങ്ങളിലും പ്രവേശിക്കരുതെന്നും പൊലീസ് താക്കീത് ചെയ്തു. പ്രതികൂല കാലാവസ്ഥകളിലുണ്ടാവുന്ന റോഡപകടങ്ങള്‍ കുറക്കാനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ്. പ്രതികൂല കാലാവസ്ഥകളിൽ ദൂരക്കാഴ്ച കുറയുകയും വാഹനങ്ങൾ തെന്നിമാറാനും സാധ്യതയുണ്ട്.
റാസൽഖൈമയിലുണ്ടായ മലയിടിച്ചിലിൽ അകപ്പെട്ട കാറുകൾ
പെട്ടെന്നുള്ള ജലമൊഴുക്ക് അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. വെള്ളപ്പൊക്കമുള്ള താഴ് വരകളില്‍ വാഹനം പ്രവേശിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും 2000 ദിര്‍ഹം പിഴയും 23 ട്രാഫിക് പോയന്റുകളും ചുമത്തുന്നതിനും വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കാനും വഴിയൊരുക്കുമെന്നും പൊലീസ് പറഞ്ഞു.
പുറത്തിറങ്ങുന്നതിനു മുമ്പ് ഡ്രൈവര്‍മാര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിരീക്ഷിക്കണം. വെള്ളക്കെട്ടുകളോ വെള്ളച്ചാട്ടമോ ഉള്ള ഇടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. ബന്ധപ്പെട്ട അധികൃതര്‍ നല്കുന്ന സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്നും അബൂദബി പൊലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
വേഗം കുറച്ചും ഇതര വാഹനങ്ങളില്‍നിന്ന് മതിയായ അകലം പാലിച്ചും വേണം വാഹനമോടിക്കാന്‍. ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുത്. വഴിയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വേഗ പരിധി, മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പാലിക്കണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
വെബ്സൈറ്റിൽ കയറിയാൽ പൊലീസ് സർവിസസ് എന്ന ടാബിൽ ക്ലിക് ചെയ്ത് ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് പ്രവേശിക്കണം. ഇതിൽ പൊലീസ് സർവിസസ് എന്നത് ക്ലിക് ചെയ്താൽ സർട്ടിഫിക്കറ്റുകൾ, പെർമിറ്റുകൾ, മറ്റ് രേഖകൾ എന്നിവക്കായുള്ള പേജ് തുറക്കും. ഇതിൽ ‘ടു ഹും ഇറ്റ് മേ കൺസേൺ’ സർട്ടിഫിക്കറ്റ് എന്ന ഭാഗം സെലക്ട് ചെയ്ത ശേഷം വാഹനത്തിന്റെ തകരാർ റിപ്പോർട്ട് ചെയ്യാം. ശേഷം എമിറേറ്റ്സ് ഐഡി, വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖ, സംഭവത്തിന്റെ ചുരുക്ക റിപ്പോർട്ട് എന്നിവ സമർപ്പിക്കണം. തുടർന്ന് പണമടക്കാനുള്ള ഓപ്ഷൻ തെളിയും. ഓൺലൈനായി തന്നെ ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്. അപേക്ഷ അംഗീകരിച്ചാൽ ഇ-മെയിൽ വഴിയോ വെബ്സൈറ്റ് വഴിയോ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. തകരാറിലായ വാഹനങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കാൻ പൊലീസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഷാർജയിൽ നിരവധി വാഹനങ്ങളാണ് ശക്തമായ മഴവെള്ളത്തിൽ മുങ്ങിപ്പോയത്. കഴിഞ്ഞ വർഷവും ഏപ്രിലിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് വാഹനങ്ങൾ അകപ്പെട്ടിരുന്നു.
മഴയുടെ സാഹചര്യത്തിൽ രാത്രിയിൽ ട്രാഫിക് നിയന്ത്രിക്കുന്ന ദുബൈ പൊലീസ്
ദുബൈ: മഴക്ക് ശമനമായതോടെ ദുബൈയിൽ ബീച്ചുകളും പാർക്കുകളും തുറന്നു. വ്യാഴാഴ്ച ശക്തമായ മഴയെ തുടർന്ന് പല ഭാഗങ്ങളിലും ബീച്ചുകളിലും പാർക്കുകളിലും പ്രവേശനം നിരോധിച്ചിരുന്നു. അതേസമയം, സന്ദർശകർ ജാഗ്രത തുടരണമെന്ന് അധികൃതർ അഭ്യർഥിച്ചു. എമിറേറ്റിലെ വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജും പ്രവർത്തനം പുനരാരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.