അബൂദബി: അസ്ഥിര കാലാവസ്ഥയെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിയോട് കൂടിയ മഴയും കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മധ്യേഷ്യയിലെ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മുതല്‍ രാജ്യത്ത് പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്തമഴ ലഭിക്കുന്നുണ്ട്. വ്യാഴാഴ്ച മഴയുടെ തീവ്രത കൂടുമെന്നും ഇതിന് ഇടിയുടെ അകമ്പടിയുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന പുതിയ മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ പല ഭാഗങ്ങളിൽ മഴ കൂടുതൽ ശക്തിയാർജിക്കും.
സൗദിയില്‍ പകല്‍ അനുഭവപ്പെടുന്ന കാറ്റ് രാത്രിയോടെ യു.എ.ഇയിലേക്കും ഖത്തറിലേക്കും നീങ്ങുമെന്നുമാണ് ബി.ബി.സി വെതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തുടനീളം കനത്തമഴ പെയ്യുമെന്ന് യു.എ.ഇ കാലാവസ്ഥാ കേന്ദ്രം പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്കി. ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും മഴയ്ക്കൊപ്പമുണ്ടാകും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് തെക്കുകിഴക്ക് ഭാഗത്തുനിന്ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശുമെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. കാറ്റില്‍ പൊടിയും മണലും അന്തരീക്ഷത്തില്‍ ഉയരുമെന്നതിനാല്‍ ദൂരക്കാഴ്ച മങ്ങുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അകാരണമായി പുറത്തിറങ്ങരുതെന്നും അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് താക്കീത് ചെയ്തു.
മഴ കനക്കുന്നതു മൂലമുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങൾ വാദികള്‍ അടക്കമുള്ള ഇടങ്ങളില്‍ കൂടുതലായി ഉണ്ടാവുമെന്നതിനാല്‍ ഇവിടങ്ങളിലേക്ക് പോവരുതെന്നും അധികൃതര്‍ അറിയിച്ചു. കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.