ഡി.എച്ച്.എയുടെ ഇ-വാലറ്റ് സംവിധാനം പരിചയപ്പെടുത്തുന്നു
ദുബൈ: രോഗികൾക്കും ഉപഭോക്താക്കൾക്കും ഇ-വാലറ്റ് സംവിധാനം വഴി പണം അടക്കാൻ സൗകര്യമൊരുക്കി ദുബൈ ഹെൽത്ത് അതോറിറ്റി.ഇതോടെ ഈ സംവിധാനം നടപ്പാക്കുന്ന ദുബൈയിലെ ആദ്യത്തെ സർക്കാർ സ്ഥാപനമായി ഡി.എച്ച്.എ മാറി. കോവിഡ് കാലത്ത് പരസ്പരം സ്പർശിക്കാതെ ഇടപാടുകൾ നടത്താനും കടലാസ്രഹിത ലോകം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്.ഡി.എച്ച്.എയുടെ ആശുപത്രികളിലും ക്ലിനിക്കുകളിലും കായിക പരിശീലന കേന്ദ്രങ്ങളിലും ഈ സംവിധാനം വഴി പണം അടക്കാം. ഇതോടൊപ്പം പ്രത്യേക ഓഫറുകളും നൽകും.
റാഷിദ് ആശുപത്രിയിലാണ് സംവിധാനം ആദ്യമായി നടപ്പാക്കിയത്. ഉടൻ ഡി.എച്ച്.എയുടെ മറ്റ് സംവിധാനങ്ങളിലേക്കും സൗകര്യം വ്യാപിപ്പിക്കുമെന്ന് ഡി.എച്ച്.എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖതമി അറിയിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം രണ്ടു വർഷം മുമ്പാണ് കടലാസ് രഹിത പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.അടുത്ത വർഷം അവസാനത്തോടെ ദുബൈയിലെ സർക്കാർ സ്ഥാപനങ്ങളിൽ പേപ്പറുകളുടെ ഉപയോഗം ഇല്ലാതാക്കുകയാണ് ലക്ഷ്യം.
മൊബൈൽ ആപ്പ് വഴി ഇ-വാലറ്റ് അനായാസം ഉപയോഗിക്കാൻ കഴിയും. മറ്റ് പേമെൻറ് ആപ്പുകളെ അപേക്ഷിച്ച് ഇ-വാലറ്റിനുള്ള നേട്ടം സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളോ വേണ്ട എന്നതാണ്. എമിറേറ്റ്സ് ഐ.ഡിയും മൊബൈൽ നമ്പറുമുണ്ടെങ്കിൽ ഇ-വാലറ്റ് അക്കൗണ്ട് തുറക്കാം.രജിസ്റ്റർ ചെയ്ത ശേഷം മറ്റുള്ളവരുടെ അക്കൗണ്ട് വഴിയോ മൊബൈൽ റീചാർജ് വഴിയോ ബിൽ പേമെൻറ് വഴിയോ ചാർജ് ചെയ്ത് ഉപയോഗിക്കാം. www.eWallet.ae എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.