ജർമനിയിൽനിന്ന് പരിശീലനത്തിന് ദുബൈയിലെത്തിയ കായിക താരങ്ങൾ
ദുബൈ: വിദേശ താരങ്ങളുടെ പരിശീലന ക്യാമ്പുകളുടെ കേന്ദ്രമായി ദുബൈ സ്പോർട്സ് കൗൺസിലിന് കീഴിലെ ഹംദാൻ സ്പോർട്സ് കോംപ്ലക്സ്. നിരവധി ദേശീയ താരങ്ങളും ഒളിമ്പിക്സ് ജേതാക്കളുമാണ് പരിശീലനത്തിനായി കോംപ്ലക്സ് ഉപയോഗപ്പെടുത്തുന്നതെന്ന് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.
കോംപ്ലക്സിൽ നിന്ന് പരിശീലനം നേടിയവർ കഴിഞ്ഞ ഒളിമ്പിക്സിൽ മൂന്ന് സ്വർണ മെഡലുകളും അഞ്ച് വെള്ളി മെഡലുകളും നേടിയിരുന്നു. നീന്തൽ താരങ്ങളും ബാഡ്മിന്റൺ താരങ്ങളുമാണ് പ്രധാനമായും ദുബൈ പരിശീലനത്തിലൂടെ മെഡലുകൾ സ്വന്തമാക്കിയിരുന്നത്. ഇതോടെ പുതിയ സീസണിലും നിരവധി വിദേശ താരങ്ങൾ പരിശീലനത്തിന് കോംപ്ലക്സിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
യൂറോപ്യൻ, അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളുടെ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ ജർമനിയിൽ നിന്ന് 16അംഗ കായിക താരങ്ങളുടെ പരിശീലനത്തിന് കോംപ്ലക്സ് വേദിയായി. ജർമനിയിലെ മൈൻസ് ഡൈവിങ് ക്ലബിന്റെ നേതൃത്വത്തിലാണ് ജൂനിയർ, യൂത്ത് താരങ്ങളെത്തിയത്. പരിശീലനത്തിന് യോജിച്ച സാഹചര്യമാണ് ദുബൈയിലെന്നും മികച്ച സജ്ജീകരണങ്ങളാണ് ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ ലഭ്യമായതെന്നും ഇവർ പ്രതികരിച്ചു.
ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ 28 കായിക പ്രവർത്തനങ്ങൾക്കുള്ള സംവിധാനമുള്ളത്. നീന്തൽ, റിഥമിക് നീന്തൽ, വാട്ടർ പോളോ, ഫ്രീ-ഡൈവിങ്, അണ്ടർവാട്ടർ ഹോക്കി, അണ്ടർവാട്ടർ റഗ്ബി, ഫെൻസിങ്, ജിംനാസ്റ്റിക്, ഡൈവിങ്, കാർട്ടിങ്, സൈക്ലിങ്, ഓട്ടം, ബാഡ്മിന്റൺ, ഡ്യുഅത്ലോൺ, അക്വാത്ലൺ, ട്രയാത്തലൺ, ബാസ്കറ്റ്ബാൾ, വോളിബാൾ, കുഷ്തി റസ്ലിങ്, കരാട്ടേ, മോഡേൺ പെന്റാത്തലൺ, തൈക്വാൻഡോ, ടെന്നീസ്, ബോക്സിങ്, വെയ്റ്റ് ലിഫ്റ്റിങ്, ടേബിൾ ടെന്നീസ്
എന്നിവയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.