വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിൽ പ്രദർശിപ്പിച്ച സ്വർണം പൂശിയ കാർ
ഷാർജ: സ്വർണം പൂശിയ 36.7ലക്ഷം ദിർഹം വിലയുള്ള കാർ എന്നുകേട്ടാൽ ഒന്നു കാണണമെന്ന് എല്ലാവർക്കും തോന്നും. അങ്ങനെയൊരു കാഴ്ചക്ക് അവസരമൊരുങ്ങിയിരിക്കുകയാണ് ഷാർജ എക്സ്പോ സെന്‍റററിൽ. എക്സ്പോ സെന്ററിൽ നടക്കുന്ന 55ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിലാണ് സ്വർണം പൂശിയ ഗോഡ്സില്ല കാർ പ്രദർശിപ്പിച്ചിക്കുന്നത്.
2014 മോഡലായ നിസാൻ ജി.ടി ആർ കാറാണ് ഒരുക്കിയിരിക്കുന്നത്. ജാപ്പനീസ് കലാകാരനായ തകാഹിക്കോ ഇസാവയും കുഹൽ റേസിങ് കമ്പനിയുമാണ് കാർ നിർമിച്ചിരിക്കുന്നത്. കാറിന്റെ ബോഡി മുഴുവനും 24കാരറ്റ് സ്വർണം പൂശിയിരിക്കുകയാണ്. 2000 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാറിന്റെ അലങ്കാരപ്പണികൾ പൂർത്തിയാക്കിയതെന്ന സവിശേഷതയുമുണ്ട്.
എക്സ്പോ സെന്‍ററിലെ പ്രദർശനത്തിൽ നിരവധി അപൂർവ സ്വർണാഭരണങ്ങൾ, ആഡംബര വാച്ചുകൾ, സിഗ്നേച്ചർ ഡയമണ്ട് ശേഖരങ്ങൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. യു.എ.ഇക്ക് പുറമെ, ഇന്ത്യ, ഇറ്റലി, യു.കെ, അമേരിക്ക, സിംഗപ്പൂർ, ചൈന, ജപ്പാൻ, തുർക്കി, സൗദി അറേബ്യ, ബഹ്‌റൈൻ, ലബനാൻ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ ബ്രാൻഡുകളും ഡിസൈനർമാരും പ്രദർശനത്തിലുണ്ട്.
വളരെയധികം സന്ദർകരെ ആകർഷിക്കാറുള്ള ഷോയിൽ റഷ്യ, മെക്‌സിക്കോ, താൻസാനിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഇത്തവണ ആദ്യമായി സാന്നിധ്യമറിയിക്കുന്നുണ്ട്. 708ചതുരശ്ര മീറ്റർ സ്ഥലത്ത് തയ്യാറാക്കിയിരിക്കുന്ന ഇറ്റാലിയൻ പവലിയനാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. 50 പ്രദർശകർ ഈ പവലിയനിലുണ്ട്. ജൂൺ 1 ഞായറാഴ്ച പ്രദർശനം സമാപിക്കും. പ്രവേശനം സൗജന്യമാണ്. ഞായറാഴ്ച ഉച്ച1 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.