ദുബൈ: നഗരത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഗ്ലോബൽ വില്ലേജ് വേനൽകാലത്തെ അടച്ചിടലിന് ശേഷം 30ാം സീസണിനായി ഒക്ടോബർ 15മുതൽ തുറക്കും. ലോകത്തെ വിവിധ രാജ്യങ്ങളുടെ പവലിയനുകളും വിവിധ വിനോദ അവസരങ്ങളും ഒരുക്കുന്ന ആഗോളഗ്രാമം അടുത്തവർഷം മേയ് 10വരെ സന്ദർകരെ സ്വീകരിക്കും. യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികളെയും താമസക്കാരെയും ആകർഷിക്കുന്ന ഗ്ലോബൽ വില്ലേജ് 30ാം വർഷത്തിലേക്ക് പ്രവവേശിക്കുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. കഴിഞ്ഞ സീസണിൽ റെക്കോർഡുകൾ മറികടന്ന സന്ദർശക പ്രവാഹമാണ് രേഖപ്പെടുത്തിയിരുന്നത്. ആകെ സന്ദർശകരുടെ എണ്ണം 1.05കോടിയാണെന്നാണ് സംഘാടകർ വെളിപ്പെടുത്തിയത്.
പുതിയ സീസൺ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച എഡിഷനാണ് അടുത്തതെന്നാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര പവലിയനുകൾ, വിവിധ രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ് അനുഭവം, റൈഡുകൾ, തൽസമയ വിനോദ പരിപാടികൾ അടക്കമുള്ള സാധാരണ പരിപാടികൾകൊപ്പം അഥിതികളെ അത്ഭുതപ്പെടുത്തുന്ന മറ്റു ആകർഷണങ്ങളും ഒരുക്കുന്നുണ്ട്.
പുതിയ സീസണിലെ ടിക്കറ്റ് നിരക്കുകൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ 25ദിർഹമും 30ദിർഹമും ആയിരുന്നു നിരക്ക്. മൂന്ന് വയസിൽ കുറഞ്ഞ കുട്ടികൾക്കും 65വയസ് പിന്നിട്ടവർക്കും നിശ്ചയദാർഡ്യ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പ്രവേശനം സൗജന്യവുമായിരുന്നു. കഴിഞ്ഞ സീസണിൽ ആകെ 40,000ഷോകളും 200ലേറെ ഭക്ഷ്യ ഔട്ലെറ്റുകളും 200ഓളം റൈഡുകളും ഒരുക്കിയിരുന്നു.
പുതുവൽസര രാവിലും മറ്റും നടന്ന കരിമരുന്ന് പ്രയോഗങ്ങളും ഏറെ സന്ദർശകരെ ആകർഷിക്കുകയുണ്ടായി. 1996ൽ ഏതാനും പവലിയനുകളുമായി ആരംഭിച്ച ഗ്ലോബൽ വില്ലേജ് അതിവേഗത്തിലാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വളർന്നത്. എല്ലാ വർഷവും വേനൽകാലത്ത് ചൂട് കാരണമായി അടച്ചിടുന്ന വില്ലേജിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതും ഈ കാലയളവിലാണ്. വരു ആഴ്ചകളിൽ പുതിയ സീസൺ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.