റോഡിൽ ബൈക്ക് അഭ്യാസം നടത്തുന്ന കൗമാരക്കാർ
ദുബൈ: റെസിഡൻഷ്യൽ മേഖലകളിൽ ഇഫ്താറിന് ശേഷമുള്ള സമയങ്ങളിൽ കൗമാരക്കാർ മോട്ടോർബൈക്കുകളിലും വിനോദ ബൈക്കുകളിലും അഭ്യാസം കാണിക്കുന്ന സംഭവങ്ങൾ വർധിച്ചതിൽ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികൾ റോഡ് സുരക്ഷക്ക് വലിയ ഭീഷണിയാണെന്ന് പൊലീസ് ഓപറേഷൻസ് വിഭാഗം അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി വ്യക്തമാക്കി.
സുരക്ഷ നിയമങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നത് അപകട സാധ്യത ഉയർത്തുകയും കുട്ടികളും വയോജനങ്ങളും കൂടുതലുള്ള പ്രദേശങ്ങളിൽ അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രാഫിക് പട്രോളുകൾ ശക്തമാക്കിയിട്ടുണ്ടെന്നും നിയമലംഘകരുടെ ബൈക്കുകൾ പിടിച്ചെടുത്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തി നിയമനടപടി സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കൗമാരക്കാർ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളും പൊലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ 901 എന്ന നമ്പറിലേക്കോ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സൗകര്യത്തിലൂടെയോ അറിയിക്കാമെന്നും, സമൂഹത്തിന്റെ സഹകരണം സുരക്ഷ ഉറപ്പാക്കാൻ നിർണായകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.