അജ്മാന്: അടിയന്തരമല്ലാത്ത പൊതു അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വാട്ട്സ്ആപ്പിൽ എ.ഐ ചാറ്റ് സേവനം ഒരുക്കി അജ്മാൻ പൊലീസ്. 800901 എന്ന നമ്പറിൽ വാട്ട്സ്ആപ് വഴി അന്വേഷണ നടത്താവുന്നതാണ്. കൃത്യമായ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ കഴിയുന്ന നിർമിത ബുദ്ധിയും മെഷീൻ ലേണിങ് സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് ഈ സംവിധാനം വികസിപ്പിച്ചതെന്ന് അജ്മാൻ പൊലീസിലെ ഓപറേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഹെഷാം അബ്ദുല്ല ബുഷഹാബ് വ്യക്തമാക്കി. ടെക്സ്റ്റ് മെസേജുകളിലൂടെയും ശബ്ദ സന്ദേശങ്ങളിലൂടെയും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാക്കും.
മനുഷ്യന്റെ ഇടപെടലില്ലാതെ 24 മണിക്കൂറും അന്വേഷണങ്ങൾ വിലയിരുത്തുകയും കൃത്യമായ മറുപടി നൽകാനും പ്ലാറ്റ്ഫോമിന് സാധിക്കും. പ്ലാറ്റ്ഫോം ആരംഭിച്ചശേഷം ജനങ്ങളിൽനിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും
അജ്മാൻ പൊലീസ് വ്യക്തമാക്കി. 34,616 സന്ദേശങ്ങളും അന്വേഷണങ്ങളും കൈകാര്യം ചെയ്യുകയും 4,626 ഉപഭോക്താക്കൾക്ക് വിജയകരമായി സേവനം നൽകുകയും ചെയ്തു. ഇത് സ്മാർട്ട് ഡിജിറ്റൽ വാർത്ത വിനിമയ മാർഗങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെയും ആശ്രയത്ത്വത്തിന്റെയും സൂചനയാണ്. പ്ലാറ്റ്ഫോം ഉപയോക്താക്കളെ ബന്ധപ്പെട്ട ഇലക്ട്രോണിക് സേവന ലിങ്കുകളിലേക്ക് നേരിട്ട് ബന്ധിപ്പിക്കും. ഇതുവഴി ഒന്നിലധികം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാതെ തന്നെ ഇടപാടുകൾ ഉടനടി പൂർത്തിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. വാഹന ലൈസൻസിങ്ങും ഇൻഷുറൻസുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും നൽകുന്നതിന് അംഗീകൃത ഇൻഷുറൻസ് കമ്പനികളുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. തടസ്സമില്ലാത്തതും സമയം ലാഭിക്കുന്നതുമായ ഉപയോക്തൃ അനുഭവം ഇത് സൃഷ്ടിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.