ദുബൈ: ലോകത്തെ സൈബർ സുരക്ഷ വ്യവസായത്തിലെ പ്രമുഖ ബ്രാൻഡുകളുടെയും വിദഗ്ധരുടെയും സംഗമമായ ‘ജൈസെക് ഗ്ലോബൽ 2023’ ശ്രദ്ധേയമാകുന്നു. സൈബർ ഡിജിറ്റൽ മേഖലയിൽ പുതുതായി അവതരിപ്പിക്കുന്ന സംവിധാനങ്ങളും വെല്ലുവിളികളും ചർച്ചയാകുന്ന ത്രിദിന സംഗമത്തിൽ ഇത്തവണ 53 രാജ്യങ്ങളിൽനിന്ന് 500ലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച മേള വ്യാഴാഴ്ച സമാപിക്കും.
ആഗോള നിയമനിർവഹണ കമ്യൂണിറ്റിക്കായി രൂപകൽപന ചെയ്ത ആദ്യത്തെ വെർച്വൽ പ്ലാറ്റ്ഫോം ‘ഗ്ലോബൽ പൊലീസ് മെറ്റാവേഴ്സ്’ ജൈസെക് പ്രധാന വേദിയിൽ സിംഗപ്പൂർ ഇന്റർപോൾ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മദൻ ഒബ്റോയ് പ്രഖ്യാപിച്ചു. മറ്റെല്ലാ സാങ്കേതിക വിദ്യകളെപ്പോലെ മെറ്റാവേഴ്സും നിയമ നിർവഹണത്തിനുള്ള അതുല്യമായ അവസരങ്ങളെയും വെല്ലുവിളികളെയും പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഡോ. ഒബ്റോയ് അഭിപ്രായപ്പെട്ടു. മെറ്റാവേഴ്സ് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഉപദ്രവം, സൈബർ കുറ്റകൃത്യങ്ങൾ, വഞ്ചന തുടങ്ങിയവ വർധിപ്പിച്ചേക്കും. അതുപോലെ മെറ്റാക്രൈം എന്നുവിളിക്കാവുന്ന പുതിയ കുറ്റകൃത്യങ്ങളും രൂപപ്പെടും. ഇതെല്ലാം അവസരങ്ങളുടെ കൂടെത്തന്നെ നാം പ്രതീക്ഷിക്കേണ്ട കാര്യങ്ങളാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ സുരക്ഷ മേഖലയിലെ 300ലേറെ പ്രമുഖരുടെ സംഭാഷണങ്ങളും ആയിരത്തിലേറെ ലോകത്തെ മികച്ച എത്തിക്കൽ ഹാക്കർമാരുടെ സാന്നിധ്യവും ഇത്തവണത്തെ ‘ജൈസെകി’ന്റെ സവിശേഷതയാണ്. സൈബർ രംഗത്തെ നിർണായക വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും യു.എ.ഇയിലെയും ലോകത്തെയും ബിസിനസുകൾക്കും സംരംഭങ്ങൾക്കും സൈബർ പ്രതിരോധശേഷി വളർത്തിയെടുക്കാൻ സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തവണ മേള ഒരുക്കിയതെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ തലവൻ ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. ചാറ്റ് ജി.പി.ടി വഴിയുള്ള ഹാക്കിങ് അടക്കം ഏറ്റവും പുതിയ ഡിജിറ്റൽ ഭീഷണികളെ മേള ചർച്ച ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.