ഷാര്‍ജ: ഗാന്ധി ജയന്തിയാഘോഷത്തിെൻറ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജുവൈസയിലെ ആയിരത്തിലേറെ വിദ്യാർഥികള്‍ ചേര്‍ന്ന് വിളക്കിച്ചേര്‍ത്ത് ഒരുക്കിയ 1070 സൗരോര്‍ജ വിളക്കുകള്‍ തെളിയിച്ച് നടത്തിയ ഗാന്ധി ഗ്ലോബല്‍ സോളാര്‍ യാത്ര വേറിട്ട അനുഭവമായി. മുംബൈ ഐ.ഐ.ടിയുടെയും മണിപ്പാല്‍ സർവകലാശാലയുടെയും സഹകരണത്തോടെയാണ് പുതുതലമുറക്ക് സൗരോര്ജത്തിെൻറ സന്ദേശം പകരുന്ന വേറിട്ട പരിപാടി നടന്നത്. ആറു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ അധ്യാപകരുടെ സഹായത്തോടെ ക്ലാസുകളിലെ സ്മാര്‍ട്ട് ബോര്‍ഡുകളില്‍ തെളിഞ്ഞ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സൗരോര്‍ജ വിളക്കുകളുടെ ഭാഗങ്ങള്‍ വിളക്കിച്ചേര്‍ത്ത് ഘടിപ്പിച്ചത്. സ്വന്തമായി ഘടിപ്പിച്ച വിളക്കുകളിൽ പ്രകാശം വിരിഞ്ഞതോടെ കുഞ്ഞു മുഖങ്ങൾ സൂര്യശോഭയിൽ തിളങ്ങി. വിളക്കുകളുമേന്തി കുട്ടികൾ സ്കൂൾ പരിസരത്ത് റാലിയും നടത്തി.
ആഘോഷ പരിപാടികള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡൻറ് ഇ.പി. ജോണ്സണ് ഉദ്ഘാടനം ചെയ്തു. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ആൻറണി ജോസഫ് സ്വാഗതം പറഞ്ഞു. ബീഹ പബ്ലിക് റിലേഷന്‍സ് മാനേജര്‍ ഹുമൈദ് റാഷിദ് അല്‍ ഷെഹി, ഷാര്‍ജ യൂനിവേഴ്സിറ്റിയിലെ പ്രഫ. അബ്ദുല്‍ ഗനി ഉലബി, മണിപ്പാല്‍ യൂനിവേഴ്സിറ്റിയിലെ രവി ശങ്കര്‍, എസ്.കെ. പാണ്ഡെ, ഗുബൈബ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്, അസോസിയേഷന് മാനേജിങ് കമ്മിറ്റി അംഗങ്ങളായ അജയ്കുമാര്‍ എസ്. പിള്ള, ത്വയ്യിബ് ചേറ്റുവ, ടി.എ. നസീര്‍, രെഞ്ചി കെ. ചെറിയാന്, വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്, ഹെഡ്മാസ്റ്റര് രാജീവ് മാധവന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.