ദുബൈ: നഗരത്തിൽ യാത്രക്കാർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്താൽ 3.5 മിനിറ്റിനകം ടാക്സികൾ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അധികൃതർ. കഴിഞ്ഞ വർഷം ഓൺലൈനിൽ ബുക്ക് ചെയ്ത 74 ശതമാനം പേർക്കും കാത്തിരിപ്പ് സമയം 3.5 മിനിറ്റിൽ കൂടുതൽ വന്നിട്ടില്ലെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യിലെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശക്രി പറഞ്ഞു.
‘കരീം’ ആപ് വഴിയുള്ള ടാക്സി ബുക്കിങ് സേവനം എമിറേറ്റിലെ ഗതാഗതം സുഗമമാക്കുകയും ചെയ്തു. തിരക്കുള്ള സമയങ്ങളിൽ ടാക്സികൾ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതും ഗതാഗതം എളുപ്പമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഇത്തരത്തിൽ 7,600 ടാക്സികളാണ് ഓരോ ദിവസവും റോഡുകളിൽനിന്ന് വഴിതിരിച്ചുവിടുന്നത്.
നിലവിൽ കുറച്ച് ടാക്സികൾ മാത്രമാണ് യാത്രക്കാരെ തേടി റോഡിലൂടെ സഞ്ചരിക്കുന്നത്. മിക്കവയും ഓൺലൈൻ ബുക്കിങ്ങിന് അനുസരിച്ച് ലഭ്യമാകുന്ന രൂപത്തിലാണ് പ്രവർത്തിക്കുന്നത്. പരമ്പരാഗത രീതിയിൽ റോഡിലിറങ്ങി ടാക്സി അന്വേഷിക്കുന്ന രീതി ഉപയോക്താക്കൾക്കിടയിൽ കുറഞ്ഞിട്ടുണ്ട്.
പകരം ഓൺലൈൻ ബുക്കിങ് ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തു. 2023ൽ 43 ശതമാനം യാത്രക്കാരാണ് ഓൺലൈൻ ബുക്കിങ് തിരഞ്ഞെടുത്തതെങ്കിൽ കഴിഞ്ഞ വർഷം ഇത് 50 ശതമാനമായി വർധിച്ചു. ഓൺലൈൻ ബുക്കിങ് സംവിധാനം ഡ്രൈവർമാരുടെ സംതൃപ്തിയും വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവർമാർക്ക് വാഹനമോടിക്കേണ്ട സമയം ദിവസം 50 മിനിറ്റ് വരെ കുറഞ്ഞു. അതോടൊപ്പം യാത്രാദൂരം നാലു ശതമാനവും കുറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നടപ്പിലാക്കിയ പദ്ധതികളിലൂടെ ദുബൈയിലെ ടാക്സി മേഖലയിൽ സുപ്രധാന നാഴികക്കല്ലുകൾ താണ്ടാൻ സാധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഒരേസമയം സേവനങ്ങളുടെ കാര്യക്ഷമതയും ഉപഭോക്താക്കളുടെ സംതൃപ്തിയും വർധിപ്പിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ് വഴി അനാവശ്യമായ ഡ്രൈവിങ് കുറയുന്നത് പരിസ്ഥിതിക്ക് ഗുണകരമാണെന്നും കാർബൺ പുറന്തള്ളൽ 20,000ടൺ വരെ കുറക്കാൻ കഴിഞ്ഞ വർഷം ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും അധികൃതർ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.