സർവേയിൽ പങ്കെടുക്കാൻ ജി.ഡി.ആർ.എഫ്.എ പുറത്തിറക്കിയ ക്യു.ആർ കോഡ് അടങ്ങിയ ബ്രോഷർ
ദുബൈ: ഉപഭോക്താക്കളുടെ സംതൃപ്തി അളക്കുന്നതിനും സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) കമ്യൂണിറ്റി ഹാപ്പിനസ് സർവേക്ക് തുടക്കമിട്ടു. ‘നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ വിജയത്തിന്‍റെ അളവുകോൽ’ എന്ന തലക്കെട്ടിലാണ് ജി.ഡി.ആർ.എഫ്.എ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്. ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ സേവനങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ പൊതുജനങ്ങൾക്ക് സർവേയിലൂടെ പങ്കുവെക്കാം. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ലഭ്യമായ ഓൺലൈൻ ലിങ്ക് വഴിയാണ് സർവേയിൽ പങ്കെടുക്കേണ്ടത്. ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ വിശദമായി വിലയിരുത്തി നിലവിലെ സേവനങ്ങളിലെ ന്യൂനതകൾ പരിഹരിക്കാനും കൂടുതൽ മികച്ച സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ജി.ഡി.ആർ.എഫ്.എയുടെ ലക്ഷ്യം.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശങ്ങൾക്കനുസൃതമായാണ് ജനസന്തുഷ്ടി മുൻനിർത്തി ഇത്തരം സർവേ പദ്ധതികൾ നടപ്പാക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ഉപയോക്താക്കളുടെ പങ്കാളിത്തം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണെന്നും ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കാൻ ഈ സർവേ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ സംവിധാനങ്ങളും നടപടിക്രമങ്ങളും ഭാവിയിൽ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പങ്കാളിത്തത്തിന്‍റെ ഭാഗമായി, പൊതുസമൂഹത്തിന്‍റെ സന്തോഷവും സംതൃപ്തിയും അളക്കുകയാണ് സർവേയിലെ ചോദ്യാവലിയുടെ പ്രാഥമിക ലക്ഷ്യം. സമൂഹത്തിന്‍റെ സന്തോഷം അളക്കുക, സ്ഥാപനത്തിന്‍റെ പ്രവർത്തനങ്ങളോടുള്ള സമൂഹത്തിന്‍റെ മനോഭാവം, പങ്കാളിത്തം, നിലവിലെ സംവിധാനങ്ങൾ എന്നിവ വിലയിരുത്താൻ ഈ സർവേ സഹായിക്കും. ഇത് വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൂടുതൽ കാര്യക്ഷമവും സംതൃപ്തി നൽകുന്നതുമായ സേവനങ്ങളും നടപടിക്രമങ്ങളും ഭാവിയിൽ ആസൂത്രണം ചെയ്യാൻ ഡയറക്ടറേറ്റിന് സാധിക്കും. സർവേയിൽ നൽകുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.