ബാങ്കോക്കിൽ നടന്ന ആർ.എസ്.ഒ 2025 ഫോറത്തിൽ പങ്കെടുക്കുന്ന ജി.ഡി.ആർ.എഫ്.എ പ്രതിനിധികൾ
ദുബൈ: ബാങ്കോക്കിൽ നടന്ന ആർ.എസ്.ഒ 2025 ഫോറത്തിൽ അതിനൂതന അതിർത്തിരക്ഷ സംവിധാനങ്ങൾ പരിചയപ്പെടുത്തി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). വിവിധ രാജ്യങ്ങളുടെ അതിർത്തി സുരക്ഷാ വിഭാഗങ്ങളും പോർട്ട് മാനേജ്മെന്റ് വിദഗ്ധരും പങ്കെടുത്ത ഫോറത്തിൽ ‘ബോർഡർ മാനേജ്മെന്റ്: പ്രയോജനങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഡയറക്ടറേറ്റ് പുതിയ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിച്ചത്.
ദുബൈയിലെ പാസ്പോർട്ട് കൺട്രോൾ ചെക്ക്പോയന്റുകളിൽ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളും ഫോറത്തിൽ വകുപ്പ് പ്രദർശിപ്പിച്ചു. അതിർത്തി സുരക്ഷാ രംഗത്ത് ഉയർന്നുവരുന്ന വെല്ലുവിളികൾ, സുരക്ഷക്കായി നൂതന പരിഹാരങ്ങൾ എന്നിവയെക്കുറിച്ചും ഫോറത്തിൽ ചർച്ച ചെയ്തു.അതിർത്തി കടന്നുള്ള നീക്കങ്ങൾ മികച്ച രീതിയിൽ നിയന്ത്രിക്കുന്നതിൽ സാമൂഹിക പ്രതിരോധം, വേഗത എന്നിവ വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക പരിഹാരങ്ങളും അവതരിപ്പിച്ചു.
കൂടാതെ ദുബൈ വിമാനത്താവളങ്ങളിലെ നൂതനമായ സ്ക്രീനിങ് സംവിധാനങ്ങളും സാങ്കേതിക വിദ്യകളുടെ സംയോജനത്തിന്റെ പ്രാധാന്യവും സ്ഥാപനത്തിന്റെ വളർച്ചയെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ രീതികളും പ്രതിനിധികൾ വിശദീകരിച്ചു. ഫ്യൂച്ചർ പോർട്ട്സ് അഡ്മിനിസ്ട്രേഷന്റെ ടെക്നിക്കൽ ഡെവലപ്മെന്റ് തലവൻ മേജർ ഹാഷിം അബ്ദു റസാക്ക് അൽ ഹാഷിമിയും സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ സപ്പോർട്ട് സർവിസസ് തലാൻ ക്യാപ്റ്റൻ അബ്ദുല്ല അലി അൽ കമാലിയുമാണ് ഫോറത്തിൽ ദുബൈയുടെ പ്രതിനിധികളായി പങ്കെടുത്തത്.
ജി.ഡി.ആർ.എഫ്.എയുടെ അന്തർദേശീയ പ്രതിബദ്ധതയും സുരക്ഷാ ഫോറങ്ങളിൽ മികച്ച രീതികൾ പങ്കുവെക്കാനുള്ള താൽപര്യവുമാണ് പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നതെന്ന് ദുബൈ എയർപോർട്ട് അഫയേഴ്സ് സെക്ടർ അസി. ഡയറക്ടർ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖീത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.