അബൂദബിയിലും ദുബൈയിലും  ഗാന്ധിയന്‍ കേന്ദ്രം സ്ഥാപിക്കും

അബൂദബി: ഗാന്ധിജിയുടെ അധ്യാപനങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുന്നതിന് അബൂദബിയിലും ദുബൈയിലും കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും അബൂദബിയിലെ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിലുമാണ് കേന്ദ്രങ്ങള്‍ തുടങ്ങുക. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനത്തോടനുബന്ധിച്ചാണ് ഗാന്ധിയന്‍ കേന്ദ്രങ്ങളുടെ പ്രഖ്യാപനമുണ്ടായത്. 
രണ്ടടി ഉയരത്തില്‍ ഫൈബര്‍ ഗ്ളാസില്‍ തീര്‍ത്ത ഗാന്ധിപ്രതിമയാണ് കോണ്‍സുലേറ്റിലെ റിസപ്ഷന്‍ ഹാളില്‍ സ്ഥാപിച്ചത്. ബംഗളുരുവിലെ ഗാന്ധി സ്മാരക ട്രസ്റ്റായ കര്‍ണാടക ഗാന്ധി സ്മാരക നിധിയാണ് പ്രതിമ കോണ്‍സുലേറ്റിന് സമ്മാനിച്ചത്. 
ദുബൈയിലെ ഇന്ത്യ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. അസഹിഷ്ണുത വര്‍ധിച്ചു വരുന്ന ഇക്കാലത്ത് മാനുഷികത തിരിച്ചുകൊണ്ടുവരുന്നതിന് കൂടുതല്‍ ഗാന്ധിമാര്‍ ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് അനുരാഗ് ഭൂഷണ്‍ പറഞ്ഞു. 
ഗാന്ധി കേന്ദ്രം സ്ഥാപിക്കുന്നതിന്‍െറ ആദ്യ പടിയായി ഗാന്ധിജിയുടെ ജീവിതവും തത്വചിന്തയും ആസ്പദമാക്കുന്ന പുസ്തകങ്ങളും ഫോട്ടോകളും ഉള്‍ക്കൊള്ളുന്ന ലൈബ്രറി സ്ഥാപിക്കും. ഇത് പിന്നീട്് പുതുതലമുറക്ക് ഗാന്ധിയന്‍ മൂല്യവും ആശയങ്ങളും പഠിക്കാനുതകുന്ന വിധം മ്യൂസിയവും മറ്റു സംവിധാനങ്ങളും ഉള്‍പ്പെടുത്തി വികസിപ്പിക്കും. മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിതെന്ന് കര്‍ണാടക ഗാന്ധി സ്മാരക നിധി സെക്രട്ടറി പ്രഫ. ജി.ബി. ശിവരാജു പറഞ്ഞു. ഇന്ത്യന്‍ വ്യവസായി ഡോ. ബി.ആര്‍. ഷെട്ടിയും ചടങ്ങില്‍ പങ്കെടുത്തു.

Tags:    
News Summary - Gandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.