അബൂദബി: വണ്ടിച്ചെക്ക് കൊടുത്ത് കാര്‍ വാങ്ങി മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത യുവാവിനോട് പണം തിരികെ നല്കാന് ഉത്തരവിട്ട് സിവില്‍ കമേഴ്സ്യല്‍ ആന്‍ഡ് അഡ്മിനിസിട്രേറ്റിവ് കോടതി. 2,03,000 ദിര്‍ഹമാണ് യുവാവ് പരാതിക്കാരന് നല്‍കേണ്ടത്. പരാതിക്കാരന്റെ കോടതിച്ചെലവും ഇയാൾ വഹിക്കണം.
കാറിന്റെ വിലയായ 1.85 ലക്ഷം ദിര്‍ഹവും കബളിക്കപ്പെട്ടതിലൂടെ താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 18,000 ദിര്‍ഹമും ആവശ്യപ്പെട്ട് രണ്ടുപേര്‍ക്കെതിരെയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്.
വിൽപനകരാറിലൂടെ ഒന്നാം കക്ഷി കാര്‍ വാങ്ങിയതിന്റെ രേഖയും കാറിന്റെ തുകയായി ഇയാള്‍ ഒപ്പിട്ടുനല്‍കിയ ചെക്കും വാഹനത്തിന്റെ ഉടമസ്ഥാവകാശം രണ്ടാം കക്ഷിയുടെ പേരിലേക്ക് മാറ്റി നല്‍കിയതിന്റെ രേഖകളും പരാതിക്കാരന് കോടതിയില്‍ ഹാജരാക്കി.
ഒന്നാംകക്ഷി നല്കിയ ചെക്ക് പണമാക്കി മാറ്റുന്നതിന് ബാങ്കില്‍ നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ഇതു മടങ്ങുകയായിരുന്നു.
എന്നാല്‍ ഇക്കാര്യം അറിയിച്ചിട്ടും കാര്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുള്ള പണം നല്കാന് ഇയാൾ തയാറായതുമില്ല. തുടര്‍ന്നാണ് പരാതിക്കാരന് നിയമനടപടിയിലേക്ക് കടന്നത്. വണ്ടിച്ചെക്ക് നല്കിയ പ്രതി കുറ്റക്കാരനാണെന്ന് ക്രിമിനല്‍ കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
ഇതിനുശേഷമാണ് പരാതിക്കാരന് സിവില്‍ കേസ് നല്‍കിയത്. അതേസമയം രണ്ടാംകക്ഷിക്കെതിരായ ആരോപണങ്ങള്‍ കോടതി തള്ളി. കരാര്‍പരമായ ബാധ്യത രണ്ടാം കക്ഷിക്ക് ഇല്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.