കാഴ്ചകൾ കണ്ട് തളരുമ്പോൾ ഒന്ന് ചാർജ് ആക്കണം എന്ന് തോന്നുന്നുണ്ടോ ? നേരെ ഫുഡ് കോർട്ടിലേക്ക് വെച്ച് പിടിച്ചോളൂ. ഒന്നൊന്നര ചായ റെഡി. എണ്ണമറ്റ എണ്ണക്കടികളും. വിശന്നു പൊരിഞ്ഞെങ്കിൽ ഒരു ദം ബിരിയാണിയും ആവാം. തീർന്നില്ല. തീറ്റപ്രിയരെ കാത്ത് വായിൽ വെള്ളമൂറും ഐറ്റംസ് വേറെയും നിരവധി.
കമോൺ കേരളയുടെ ഇതുവരെയുള്ള എല്ലാ സീസണുകളിലും സന്ദർശകരെ ഏറെ ആകർഷിച്ചതും ഏവരും ആസ്വദിക്കുന്നതും ഈ ഫുഡ് ഏരിയ തന്നെ. മധുരപലഹാരങ്ങളും കറുമുറുക്കൂട്ടുകളും ഗൃഹാതുരതയുണർത്തുന്ന ഉപ്പിലിട്ടതും കുലുക്കി സർബത്തും കോഴിക്കോടൻ ഹലുവയും ഐസൊരതിയും ഒന്ന് രുചിച്ച് നോക്കാൻ മോഹിക്കാത്തവർ ആരാണുണ്ടാകുക. നിറവയർ ഒന്ന് തണുപ്പിക്കണമെങ്കിൽ ഐസ്ക്രീമും വൈറൽ ഫലൂദയും കുൽഫിയും അടക്കം ഡെസേർട്ടുകൾ നിരവധിയുണ്ടിവിടെ.
കുസൃതിക്കുരുന്നുകളെ വരുതിയിലാക്കാൻ കരിമ്പിലും ഇളനീരിലും മറ്റും തയ്യാറാക്കിയ സിപ് അപ്പുകൾ വേറെയും. കുടുംബ സമേതം ഗൃഹാതുരതയുണർത്തുന്ന ആംബിയൻസിൽ സൊറ പറഞ്ഞിരുന്ന് കട്ടൻ ചായക്കൊപ്പം കൂട്ടു കടിക്കാൻ നല്ല നാടൻ കടികളും ചില്ലരമാലകളിൽ റെഡിയാണ്. രണ്ട് ദിനവും ഫുഡ് കോർട്ടിലേക്ക് ജനപ്രവാഹമായിരുന്നു. മൂന്നാം ദിനമായ ഞായറാഴ്ചയും ഏറ്റവും വൈവിധ്യമാർന്ന രുചിക്കൂട്ടുകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. അപ്പോ എങ്ങനാ നേരെ ഷാർജ എക്സ്പോ സെന്ററിലേക്ക് വെച്ച് പിടിക്കല്ലേ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.