ദുബൈ: ജൂൺ ഒന്നുമുതൽ ദുബൈ നഗരത്തിൽ പാർക്കിങ്ങിനും ടോൾ ഗേറ്റ് ഉപയോഗത്തിനും ചെലവേറും. എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്ററായ സാലിക്കും പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിനും അഞ്ച് ശതമാനം വാറ്റ് നികുതി പ്രഖ്യാപിച്ചു. ജൂൺ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
വാറ്റ് വഴി ലഭിക്കുന്ന അധിക വരുമാനം സാമ്പത്തിക നിയമം അനുസരിച്ച് ഫെഡറൽ ടാക്സ് അതോറിറ്റിക്ക് കൈമാറുമെന്ന് സാലിക്ക് അറിയിച്ചു. നഗരത്തിനകത്തും പുറത്തുമുള്ള പാർക്കിങ്, സീസണൽ കാർഡുകൾ, പെർമിറ്റുകൾ, റിസർവേഷനുകൾ എന്നിവ ഉൾപ്പെടെ എല്ലാ തരം പാർക്കിങ് സേവനങ്ങൾക്കും ജൂൺ ഒന്ന് മുതൽ അഞ്ച് ശതമാനം വാറ്റ് ബാധകമായിരിക്കുമെന്ന് പാർക്കിനും വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ മുതൽ നേരിട്ട് പണം സ്വീകരിക്കില്ല.
പകരം ഡിജിറ്റൽ പെയ്മെന്റ വഴി മാത്രമേ ഫീസ് സ്വീകരിക്കുകയുള്ളൂ. പാർക്കിനിന്‍റെയും ആർ.ടി.എ ആപ്പ് വഴിയും ദുബൈ നൗ ആപ്ലിക്കേഷനിലൂടെയും എസ്.എം.എസ് ആയും ഫീസ് അടക്കാം.
സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിന്‍റെ ഭാഗമായി 2018 ജനുവരി മുതൽ രാജ്യത്തെ പ്രധാന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്തിയിരുന്നു. ഇത് പിന്തുടർന്നാണ് പാർക്കിനും സാലിക്കും വാറ്റ് ഏർപ്പെടുത്തിയിട്ടുള്ളത്. 2025ൽ തിരക്കേറിയതും അല്ലാത്തതുമായ സമയങ്ങളിൽ വ്യത്യസ്ത ചാർജുകൾ ഈടാക്കുന്ന സംവിധാനം സാലിക്ക് അവതരിപ്പിച്ചിരുന്നു.
രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ ആറ് ദിർഹവും അല്ലാത്ത സമയങ്ങളിലും നാലു ദിർഹവുമാണ് നിരക്ക്. ഇതിനൊപ്പം അഞ്ച് ശതമാനം വാറ്റ് കൂടി ചേരുന്നതോടെ തിരക്കേറിയ സമയങ്ങളിൽ 6.30 ദിർഹമായും അല്ലാത്ത സമയങ്ങളിൽ 4.20 ദിർഹമായും വർധിക്കും.
ടോൾ സംവിധാനത്തിൽ വാഹനമോടിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് പിരിക്കുന്നതിനും ഉപയോഗിക്കുന്ന സാലിക് ടാഗ് നിലവിൽ നേരിട്ട് വാങ്ങുന്നതിന് 100 ദിർഹവും ഓൺലൈനായി വാങ്ങുമ്പോൾ 120 ദിർഹവുമാണ്. അതേസമയം, തിരക്കേറിയ സമയങ്ങളിൽ പാർക്കിങ്ങിന് നാല് ദിർഹവും അല്ലാത്ത സമയങ്ങളിൽ രണ്ട് ദിർഹവുമാണ് നിരക്ക്.
ജൂൺ മുതൽ തിരക്കേറിയ സമയങ്ങളിൽ 4.20 ദിർഹം നൽകേണ്ടി വരും. പ്രീമിയം പാർക്കിങ് സ്ഥലങ്ങളിൽ പാർക്കിങ് മേഖല അനുസരിച്ച് വിത്യസ്ത രീതിയിലായിരിക്കും വാറ്റ് നികുതി ബാധകമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.