ഷാർജ: എമിറേറ്റിൽ വിനോദസഞ്ചാരികളുടെ പ്രമുഖ ആകർഷണ കേന്ദ്രമായി മാറുന്ന സീർ അബു നുഐർ ദ്വീപിലേക്ക് പുതിയ കപ്പൽ സർവിസ് പ്രഖ്യാപിച്ച് ഷാർജ. പാസഞ്ചർ സർവിസിനൊപ്പം ചരക്കുകൾ കൊണ്ടുപോകാനും കഴിയുന്ന രൂപത്തിലാണ് കപ്പലിന്റെ രൂപകൽപന. 80 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലിൽ ലോഞ്ചുകളും അതിഥി കാബിനുകളും പ്രത്യേകം നിർമിച്ചിട്ടുണ്ട്. 140 അടി നീളവും 30 അടി വീതിയുള്ള കപ്പലിന് ഉയർന്ന കാര്യക്ഷമതയുള്ള പവർ ജനറേറ്ററുകളും 1,440 കുതിരശക്തി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഇരട്ട ഡീസൽ എൻജിനുമാണുള്ളത്. വിവിധ ഉൽപന്നങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന റഫ്രിജറേറ്ററും ഫ്രീസിങ് റൂമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷാർജയിൽനിന്ന് 110 കിലോമീറ്റർ പടിഞ്ഞാറും അബൂദബിയുടെ വടക്കൻ തീരത്തുനിന്ന് 85 കീലോമീറ്റർ അകലെയുമാണ് സീർ അബു നുഐർ ദ്വീപ് സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒരിക്കലാണ് ദ്വീപ് പൊതുജനങ്ങൾക്കായി തുറന്ന് നൽകാറ്. വാർഷിക ഫെസ്റ്റിവൽ നടക്കുന്ന സമയങ്ങളിൽ ഇവിടേക്ക് സൗജന്യമായി സർവിസ് നടത്താറുണ്ട്. ഈ മാസം 25ന് സീർ അബു നുഐർ ഫെസ്റ്റിവലിന്റെ സീസൺ അവസാനിക്കുന്നതിന്റെ ഭാഗമായി ഷാർജ പരിസ്ഥിതി, സംരക്ഷണ അതോറിറ്റി സൗജന്യ ട്രിപ്പുകൾ വാഗ്ദാനം ചെയ്തിരുന്നു.
എമിറേറ്റിലെ ഏറ്റവും പ്രധാന പ്രകൃതി സംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്ന ഇടമാണ് സീർ അബു നുഐർ ദ്വീപ്. ആധുനിക സുഖസൗകര്യങ്ങളും പ്രദേശത്തിന്റെ സാംസ്കാരിക, വാസ്തുവിദ്യാ പൈതൃകവും സമന്വയിപ്പിക്കുന്ന ഒരു ആഡംബര കേന്ദ്രമാക്കി ദ്വീപിനെ മാറ്റാനാണ് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്)യുടെ പദ്ധതി. 76ലധികം പവിഴ മത്സ്യവർഗങ്ങൾ, 40ൽപരം പവിഴപ്പുറ്റുകൾ, റെഡ്കോട്ട് മത്സ്യങ്ങൾ തുടങ്ങിയവരുടെ ആവാസകേന്ദ്രങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ദ്വീപാണ് സീർ അബു നുഐർ. ഒരുകാലത്ത് മത്സ്യബന്ധന തൊഴിലാളികളുടെ വിശ്രമകേന്ദ്രം കൂടിയായിരുന്ന ദ്വീപ് കടൽപക്ഷികളുടെ ഇഷ്ടഇടമാണ്. അതേസമയം, കപ്പൽ സർവിസിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.