മുഹമ്മദലി കോട്ടക്കൽ
ദുബൈ: ‘ഹലോ... ഗൾഫ് മാധ്യമം സർക്കുലേഷനിൽനിന്ന് മുഹമ്മദലിയാണ്’ ‘പത്രം കൃത്യമായി ലഭിക്കുന്നുണ്ടോ’ യു.എ.ഇയിലെ ഗൾഫ് മാധ്യമം വരിക്കാരുടെ ഫോണിലേക്ക് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വന്നെത്തിയിരുന്ന അന്വേഷണത്തിന്റെ തുടക്കമാണിത്. വിശേഷങ്ങൾ അറിഞ്ഞും പരാതികൾ കേട്ടും ഓരോരുത്തർക്കും മറുപടി നൽകുമായിരുന്ന ആ സൗമ്യശബ്ദത്തിന് വിരാമമാകുന്നു. മുഹമ്മദലി കോട്ടക്കൽ എന്ന ആ ശബ്ദത്തിനുടമ പ്രവാസത്തിന്റെ വേഷം അഴിച്ചുവെക്കുകയാണ്. മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട യു.എ.ഇയിലെ ജീവിതത്തിന് തിരശ്ശീലയിട്ട് ജന്മനാട്ടിലേക്ക് മടങ്ങുമ്പോൾ പ്രവാസമണ്ണിൽ തന്റേതായ നിയോഗങ്ങൾ പൂർത്തിയാക്കിയ സംതൃപ്തിയിലാണദ്ദേഹം.
1987 നവംബറിലാണ് കോട്ടക്കൽ ചങ്കുവെട്ടി കുണ്ട് പ്രദേശത്തെ കല്ലിങ്ങൽ കുഞ്ഞുമുഹമ്മദിന്റെയും മറിയാമുവിന്റെയും മകൻ മുഹമ്മദലി 19ാം വയസ്സിൽ ജീവിതത്തിന് നിറംപകരാൻ കടൽകടക്കാൻ തീരുമാനിച്ചത്. കോട്ടക്കൽ രാജാസ് സ്കൂളിൽനിന്ന് എട്ടാംക്ലാസ് പാസായത് മാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത. ബോംബെ എന്ന ഇന്നത്തെ മുംബൈ നഗരത്തിൽനിന്ന് വിമാനമാർഗം റാസൽഖൈമയിലാണ് വിമാനമിറങ്ങിയത്. സഹോദരങ്ങൾ ജോലിചെയ്തിരുന്ന അജ്മാനിലേക്കാണ് നേരെ പോയത്. വിസ അടിച്ചശേഷം അൽഐനിലേക്ക് ജോലിക്കായി പോയി. അൽഐനിന്റെ പ്രശാന്തമായ അന്തരീക്ഷം അക്കാലത്താണ് മനസ്സ് കീഴടക്കിയത്. പിന്നീട് ഒരിക്കലും താമസം അവിടെനിന്ന് മാറ്റിയിട്ടില്ല. ഒരു സ്വദേശി വീട്ടിൽ ഡ്രൈവറായാണ് തുടക്കം. കുട്ടികളെ സ്കൂളിലേക്ക് അയക്കുമ്പോൾ എന്നും കാണുന്ന ബസ് ഡ്രൈവിങ് പഠിക്കണമെന്ന് അതിനിടെ മോഹമുദിച്ചു. വൈകാതെ തന്നെ ബസ് ലൈസൻസ് സ്വന്തമാക്കി.
പിന്നീട് അൽഐൻ ഒയാസീസ് സ്കൂളിൽ ബസ് ഡ്രൈവറായി ജോലിക്ക് ചേർന്നു. അൽഐനിലെ പ്രവാസത്തിന്റെ ആദ്യകാലത്ത് തിരുവനന്തപുരം സ്വദേശയായ ഫസ്ലുൽ ഹഖ് മൗലവി അടക്കമുള്ളവർ ജീവിതത്തിൽ സ്വാധീനംചെലുത്തി. സമൂഹത്തെയും ജീവിതത്തെയും കുറിച്ച കാഴ്ചപ്പാടുകൾ പുതുക്കാൻ അത് നിമിത്തമായി. അക്കാലത്തുതന്നെയാണ് വാർത്താമാധ്യമങ്ങളിൽ വഴിത്തിരിവായി ഉദയംചെയ്ത ‘മാധ്യമ’വുമായി ബന്ധം സ്ഥാപിക്കുന്നത്. സ്കൂളിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അബൂദബി പബ്ലിക് ട്രാൻസ്പോർട്ട് വകുപ്പിൽ ജോലി ലഭിച്ചു. അൽഐനിന്റെ വിവിധ ഭാഗങ്ങളിൽ യാത്രക്കാരെ എത്തിക്കുന്ന ജോലി ലഭിച്ചതോടെ പ്രവാസ ബന്ധങ്ങളും വർധിച്ചു. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ താൻ നെഞ്ചോടുചേർത്ത പത്രത്തെ കൂടുതൽ പേരിലെത്തിക്കാൻ സ്വയം സന്നദ്ധനായി പ്രവർത്തിച്ചു. അതിനിടെ നാട്ടിലേക്ക് മടങ്ങാൻ മോഹമുദിച്ചിരുന്നു. എന്നാൽ, അന്നത്തെ യു.എ.ഇ പ്രസിഡന്റ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ സർക്കാർജീവനക്കാരുടെ ശമ്പളം കുത്തനെ വർധിപ്പിച്ചു. ഈ സാഹചര്യത്തിൽ നാട്ടിലേക്കുള്ള യാത്ര നീട്ടുകയായിരുന്നു.
വീണ്ടും വർഷങ്ങൾ കടന്നുപോയി. ചെറിയ രീതിയിൽ ബിസിനസ് രംഗത്തും അക്കാലത്ത് കാലെടുത്തുവെച്ചു. 1995 മുതൽ നീണ്ട 16 വർഷം പത്രത്തിന്റെ അൽഐൻ മേഖല സർക്കുലേഷൻ ചാർജും 2007 മുതൽ നാലുവർഷം അൽഐനിലെ റിപ്പോർട്ടറുമായി പ്രവർത്തിച്ചിട്ടുണ്ട്. അക്കാലത്ത് മിക്ക ദിവസങ്ങളിലും ‘മുഹമ്മദലി കോട്ടക്കൽ’ എന്ന ബൈലൈൻ പേജുകളിൽ സാന്നിധ്യമറിയിച്ചു. 2009-10 കാലത്ത് രണ്ടുവർഷം മാതാപിതാക്കളെ നാട്ടിൽനിന്ന് കൊണ്ടുവന്ന് കൂടെ താമസിപ്പിച്ചിരുന്നു. അതിന് ശേഷം 2011ൽ വീണ്ടും നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചുതുടങ്ങി. എന്നാൽ, യു.എ.ഇയിൽ ‘ഗൾഫ് മാധ്യമ’ത്തിനായി ഒരു വർഷമെങ്കിലും മുഴുസമയം പ്രവർത്തിക്കണമെന്ന ആഗ്രഹമുദിച്ചു. നിമിത്തം പോലെ സർക്കുലേഷൻ മാനേജർ എന്ന തസ്തികയിൽ ആളൊഴിവുണ്ടായിരുന്നു. അങ്ങനെ ട്രാൻസ്പോർട്ട് വകുപ്പിലെ ജോലി ഒഴിഞ്ഞ് പുതിയ ചുമതല ഏറ്റെടുത്തു. തുടർന്ന് ഒരു പതിറ്റാണ്ട് കാലമായി യു.എ.ഇയിലെ ‘ഗൾഫ് മാധ്യമ’ത്തിന്റെ മുഖങ്ങളിലൊന്നായി മാറി.
മൂന്നരപ്പതിറ്റാണ്ട് നീണ്ട പ്രവാസത്തിൽ തികഞ്ഞ സംതൃപ്തിയോടെയാണ് മുഹമ്മദലി കോട്ടക്കലിന്റെ മടക്കം. സമൂഹത്തിന് ഉപകാരപ്പെടുന്ന ജോലികളിൽ വ്യാപൃതനാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. നാട്ടിലേക്ക് മടങ്ങി സമൂഹത്തിന് സേവനംചെയ്തുതന്നെ ശിഷ്ടകാലം മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. ചങ്കുവെട്ടി കുണ്ട് മഹല്ല് യു.എ.ഇ കമ്മിറ്റിയുടെ യു.എ.ഇ പ്രസിഡന്റെന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. അൽഐനിൽ നേരത്തെ പ്രവർത്തിച്ചിരുന്ന മലയാളി ഡ്രൈവർമാരെ സഹായിക്കുന്ന ‘ഡ്രൈവേഴ്സ് സുരക്ഷാ സ്കീം’ എന്ന കൂട്ടായ്മയുടെ വൈസ് പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ റുഖിയ്യ ദീർഘകാലമായി അൽഐനിൽ കൂടെയുണ്ടായിരുന്നു. മാതാപിതാക്കളെ പരിചരിക്കാനായി കഴിഞ്ഞ വർഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മകൾ മുഹ്സിനക്കും മരുമകൻ എ.പി. അബ്ദുറഹ്മാനും ഒപ്പമായിരുന്നു കഴിഞ്ഞു വന്നിരുന്നത്. ജനുവരി 26ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ യാത്രയാകാൻ ഒരുങ്ങുമ്പോൾ, പിഴവുകൾ പൊറുക്കാനും നന്മകൾ സ്വീകരിക്കാനും എല്ലാവരുടെയും പ്രാർഥനയുണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.