എക്​സ്​പോ: സന്ദർശകർ 7.5 ലക്ഷം കടന്നു

ദുബൈ: എക്​സ്​പോ 2020 ദുബൈയിൽ സന്ദർശിച്ചവരുടെ എണ്ണം ഏഴര ലക്ഷം കടന്നതായി തിങ്കളാഴ്​ച അധികൃതർ വ്യക്തമാക്കി. ഒക്​ടോബർ ഒന്നു മുതൽ 17വരെ 7,71,477പേരാണ്​ ടിക്കറ്റെടുത്ത്​ മേള കാണാനെത്തിയത്​.

ആഴ്​ചയിൽ 12 ശതമാനം സന്ദർശകരുടെ വളർച്ച രേഖപ്പെടുത്തുന്നുണ്ടെന്നും 35,000ത്തിലേറെ പേർ മൂന്നു തവണയെങ്കിലും നഗരിയിലെത്തിയിട്ടുണ്ടെന്നും ദിവസേന​യുള്ള വിലയിരുത്തലിന്​ ശേഷം അധികൃതർ പറഞ്ഞു. ഓൺലൈൻ വഴി മേള സന്ദർശിച്ചവരുടെ എണ്ണത്തിൽ വലിയ വർധനയാണ്​ ഒക്​ടോബർ 10നു​ ശേഷം രേഖപ്പെടുത്തിയത്​.

കഴിഞ്ഞ ആഴ്​ചയിൽ 1.5 മില്യൺ കാഴ്​ചക്കാർ ഓൺലൈനിൽ എത്തിയതോടെ ആകെ സന്ദർശകർ 9.3 മില്യൺ ആയി. എക്​സ്​പോയിൽ എത്തുന്ന പ്രദർശകർ, ഡെലിഗേറ്റ്​സ്​, മാധ്യമപ്രവർത്തകർ എന്നിവരൊഴികെയുള്ള സന്ദർശകരുടെ കണക്കാണിത്​.

എക്​സ്​പോയിലെ തങ്ങളുടെ പവിലിയനിൽ മാത്രം ഒരുലക്ഷം സന്ദർശകരെത്തിയതായി റഷ്യൻ അധികൃതർ അറിയിച്ചു. റഷ്യ കവാടത്തിൽ കാമറകൾ സ്ഥാപിച്ച്​ കൃത്യമായ എണ്ണമെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​. ഇതിലൂടെ ആദ്യമായി പവിലിയനിലെത്തുന്നവരെയും പിന്നീട്​ തുടർച്ചയായി വരുന്നവരെയും തിരിച്ചറിയാനാവും. ഈ സംവിധാനമനുസരിച്ചാണ്​ ഒരു ലക്ഷം പേർ പവിലിയൻ സന്ദർശിച്ചതായി വിലയിരുത്തിയത്​.

കനത്തചൂട്​ കാരണം പകൽ സമയങ്ങളിൽ സന്ദർശകരുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും നിലവിൽ സ്​കൂൾ കുട്ടികളടക്കം കൂടുതലായി എത്തുന്നുണ്ട്​. വരും ദിവസങ്ങളിൽ ചൂട്​ നന്നായി കുറയുന്നതോടെ സന്ദർശകരുടെ എണ്ണത്തിലും വർധനയുണ്ടാകുമെന്ന്​ അധികൃതർ പ്രതീക്ഷിക്കുന്നു.

ഞായറാഴ്​ച നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ) ചെയർമാനും ഡയറക്​ടർ ജനറലുമായ ഡോ. അബ്​ദുല്ല അൽ കറമാണ്​ ഒരുകൂട്ടം വിദ്യാർത്ഥികൾക്കൊപ്പം എക്സ്പോ ദുബൈ ഗേറ്റുകൾ തുറന്നത്​.

Tags:    
News Summary - Expo: Over 7.5 lakh visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.