ദുബൈ: പബ്ലിക് സ്കൂളുകളിൽ പ്രവേശനം നേടിയ പ്രവാസി വിദ്യാർഥികളുടെ രക്ഷിതാക്കൾ 2025-26 അധ്യയന വർഷത്തെ ട്യൂഷൻ ഫീസ് അടക്കുന്നത് സംബന്ധിച്ച് നൽകേണ്ട ‘കമ്മിറ്റ്മെന്റ് ഫോമി’ന് അംഗീകാരം നൽകി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ സേവനത്തിന്റെ തുടർച്ച ഉറപ്പാക്കുകയാണ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. മികച്ച നിലവാരത്തിലുള്ള അക്കാദമിക് പ്രകടനം കുട്ടിക്ക് ഉറപ്പുവരുത്തുമെന്ന് രക്ഷിതാക്കൾ ഉറപ്പുനൽകുന്നതുകൂടിയാണ് ഫോമെന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദാംശങ്ങൾ വ്യക്തമാക്കുന്നു. പ്രധാനമായും അറബിക്, ഇംഗ്ലീഷ്, മാത്സ് വിഷയങ്ങളിൽ മികവ് ഉറപ്പുവരുത്തണം.ഓരോ കുട്ടിക്കും വാർഷിക ട്യൂഷൻ ഫീസ് 6000 ദിർഹമാണ്. പണമടച്ചില്ലെങ്കിൽ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം മന്ത്രാലയത്തിനുണ്ടായിരിക്കും.
അക്കാദമിക് റെക്കോഡുകളും ഫലങ്ങളും തടഞ്ഞുവെക്കൽ, അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടുന്നത് തടയൽ, ട്രാൻസ്ഫർ അല്ലെങ്കിൽ വിട്ടുപോകുന്ന പ്രക്രിയകൾ നിർത്തിവെക്കൽ എന്നിങ്ങനെ നടപടികൾ മുഴുവൻ കുടിശ്ശികയും നൽകുന്നതു വരെ സ്വീകരിക്കാൻ അവകാശമുണ്ടായിരിക്കും.രക്ഷിതാക്കൾക്ക് ഒരൊറ്റ ഗഡുവായി മുഴുവൻ ഫീസും അടക്കാനും 2000 ദിർഹം വീതം മൂന്ന് ഗഡുക്കളായി നൽകാനും അവസരമുണ്ട്.രണ്ടാമത്തെ രീതിയാണെങ്കിൽ ആദ്യ ഗഡു അധ്യയന വർഷത്തിന് മുമ്പും രണ്ടാം ഗഡു ആദ്യ സെമസ്റ്ററിന്റെ അവസാനത്തിന് മുമ്പും മൂന്നാം ഗഡു രണ്ടാം സെമസ്റ്റിന്റെ അവസാനത്തിന് മുമ്പും നൽകണം. പുതിയ അധ്യയന വർഷത്തിൽ സീറ്റ് ഉറപ്പിക്കാൻ 2000 ദിർഹം തിരിച്ചുലഭിക്കാത്ത ഫീസ് നിർബന്ധമാണ്. ഇത് ആദ്യ ഗഡുവായി പരിഗണിക്കപ്പെടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.