ദുബൈ: വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന രാജ്യത്തെ സുപ്രധാന ഹൈവേകളിലൊന്നായ എമിറേറ്റ്സ് റോഡ് വിപുലീകരണം ആരംഭിച്ചതായി ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു. രണ്ടുവർഷത്തിനകം പൂർത്തിയാകുന്ന പദ്ധതിയിലൂടെ തിരക്കേറിയ പാതയിൽ യാത്രാസമയം 45 ശതമാനം കുറക്കാനാകും. റാസൽഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബൈയിലേക്കും തിരിച്ചുമുള്ള യാത്രയാണ് എളുപ്പമാവുക. 75കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 25 കി.മീറ്റർ നീളത്തിൽ രണ്ട് ഭാഗത്തേക്കും റോഡിന്റെ ലൈനുകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചിലേക്ക് വർധിപ്പിക്കും. ഷാർജയിലെ അൽ ബദീഅ് ഇന്റർചേഞ്ച് മുതൽ ഉമ്മുൽഖുവൈൻ വരെയാണ് വിപുലീകരണം നടപ്പിലാക്കുന്നത്.
വിപുലീകരണം പൂർത്തിയാകുന്നതോടെ റോഡിന്റെ ശേഷി മണിക്കൂറിൽ 9000 വാഹനങ്ങളായി വർധിക്കും. 65 ശതമാനമാണ് വാഹനങ്ങളുടെ ശേഷി വർധിക്കുന്നത്. 12.6 കി.മീറ്റർ നീളവും മണിക്കൂറിൽ 13,200 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നതുമായ ഇന്റർചേഞ്ച് നമ്പർ 7 വികസിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടും. ആറ് പാലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഇന്റർചേഞ്ച്. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീറ്റർ സർവിസ് റോഡുകളുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടും. രാജ്യത്തെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് കുറയുകയും യാത്ര എളുപ്പമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം ഗതാഗതക്കുരുക്കുകൾ കാരണമായുണ്ടാകുന്ന പാരിസ്ഥിതിക മലിനീകരണം കുറയാനും നവീകരണം സഹായിക്കും. വിവിധ എമിറേറ്റുകൾ തമ്മിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഒഴുക്ക് കൂടുതൽ സുഗമമാക്കാനും പദ്ധതി ഉപകരിക്കും.
എമിറേറ്റ്സ് റോഡ് വിപുലീകരണവും നവീകരണ പദ്ധതിയും ഒരു റോഡിന്റെ വികസനം എന്നതിലുപരി, അതിവേഗത്തിലുള്ള ജനസംഖ്യാ വർധനവിന്റെയും സാമ്പത്തിക വളർച്ചയുടെയും ആവശ്യമനുസരിച്ച് കൂടുതൽ വികസിതവും കാര്യക്ഷമവും സുസ്ഥിരവുമായ ഫെഡറൽ റോഡ് ശൃംഖല രൂപപ്പെടുത്തലാണെന്ന് മന്ത്രാലയത്തിലെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സ് സെക്ടറിന്റെ അസി. അണ്ടർ സെക്രട്ടറി യൂസഫ് അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.