യു.എ.ഇ ടൂർ കിരീടവുമായി എവെൻപോൾ
ദുബൈ: ഏഴ് എമിറേറ്റുകളും പിന്നിട്ട് ഏഴ് ദിവസം നീണ്ടുനിന്ന യു.എ.ഇ സൈക്ലിങ് ടൂർ സമാപിച്ചപ്പോൾ കിരീടത്തിൽ മുത്തമിട്ട് ബെൽജിയം താരം റെംകോ എവെൻപോൾ. സൂദാൽ ക്വിക്ക് സ്റ്റെപ് ടീമിന് വേണ്ടി സൈക്കിൾ ചവിട്ടിയ അദ്ദേഹം 23.25.26 മണിക്കൂറിലാണ് ഫിനിഷ് ലൈൻ തൊട്ടത്.
ആദ്യ രണ്ട് സ്റ്റേജുകളിൽ പിന്നിലായി പോയ താരം അവസാന സ്റ്റേജുകളിൽ പൊരുതിക്കയറിയാണ് വിജയം കൊയ്തത്. ലൂക്കാസ് പ്ലാപ്പ് രണ്ടാം സ്ഥാനവും ആദം യാറ്റ്സ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. അതേസമയം, ജബൽ ഹഫീത്തിൽ നടന്ന ഏഴാം സ്റ്റേജിൽ ആദം യാറ്റ്സാണ് ഒന്നാമതെത്തിയത്.
എവെൻപോൾ രണ്ടാമതും ബൗച്ചാദ് മൂന്നാമതും ഫിനിഷ് ചെയ്തു. മിഡിലീസ്റ്റിലെ ഏറ്റവും വലിയ സൈക്ലിങ് ചാമ്പ്യൻഷിപ്പായ യു.എ.ഇ ടൂർ കഴിഞ്ഞയാഴ്ചയാണ് തുടങ്ങിയത്. ഏഴ് എമിറേറ്റുകളും പിന്നിട്ടാണ് അബൂദബിയിൽ സമാപിച്ചത്. അബൂദബി സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ വനിത വിഭാഗം മത്സരങ്ങൾ കഴിഞ്ഞയാഴ്ച സമാപിച്ചിരുന്നു. ദിവസവും 150 കിലോമീറ്ററിലേറെയായിരുന്നു യാത്ര. ഇതിന്റെ ഭാഗമായി വിവിധ എമിറേറ്റുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.