ദുബൈ: എമിറേറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകളുടെ ഉപയോഗം കൂടി. കഴിഞ്ഞ ആറു മാസത്തിനിടെ 1270 ഇ.വി ചാർജിങ് പോയിന്‍റുകളിലായി 40,600 വാഹനങ്ങൾ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു. ഹരിത ഗതാഗത അടിസ്ഥാന സൗകര്യ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ദീവ സമഗ്രമായ ലൈസൻസിങ് സംവിധാനം നേരത്തെ അവതരിപ്പിച്ചിരുന്നു. എമിറേറ്റിലുടനീളം ഇ.വി ചാർജിങ്ങിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിട്ടിരുന്നത്. ഇ.വി ചാർജിങ് യൂനിറ്റുകളുടെ എണ്ണവയും അതു വഴി ഉപയോഗവും വർധിക്കാൻ ഇത് സഹായകമായതായി ദീവ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. യു.എ.ഇയുടെ ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബൈ നെറ്റ് സീറോ കാർബൻ എമിഷൻസ് സ്ട്രാറ്റജി 20250 എന്നീ ലക്ഷ്യങ്ങളെ പദ്ധതി പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീവയുടെ കണക്കുകൾ പ്രകാരം ദുബൈയിൽ ആകെ ഇ.വി ചാർജിങ് യൂനിറ്റുകളുടെ എണ്ണം 1270 ലെത്തിയിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ച് ദീവ സ്ഥാപിച്ച ചാർജിങ് പോയിന്‍റുകളും ഇതിൽ ഉൾപ്പെടും. അൾട്രാ ഫാസ്റ്റ്, ഫാസ്റ്റ്, വാൾ ബോക്സ് ചാർജറുകൾ എന്നിവ ഉൾപ്പെടുന്നതാണ് ദീവയുടെ ഇ.വി ഗ്രീൻ ചാർജിങ് ശൃംഖല. 2025 മാർച്ചു വരെ കണക്കുകൾ അനുസരിച്ച് 740 ഇ.വി ചാർജിങ് പോയിന്‍റുകളാണ് ദീവക്കുള്ളത്. എമിറേറ്റിലെ പ്രധാന മേഖലകളിൽ കൂടി ഇ.വി ചാർജിങ് സ്റ്റേഷനുകൾ വ്യാപിപ്പിക്കുന്നതിനായി പാർക്കിൻ നിയന്ത്രണ കമ്പനിയായ ‘പാർക്കി’നുമായി ദീവ അടുത്തിടെ ധാരണയിലെത്തിയിരുന്നു. ഈ വർഷം അവസാനത്തോടെ ചാർജിങ് സ്റ്റേഷനുളുടെ എണ്ണം 1000 ആയി ഉയർത്തുകയാണ് ലക്ഷ്യം. ദുബൈയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലെ വളർച്ചയെ പിന്തുണക്കാൻ ലക്ഷ്യമിട്ട് 2014ൽ ആണ് ദീവ ഇ.വി. ചാർജർ സംരംഭത്തിന് തുടക്കമിടുന്നത്. 2025 ഓടെ രാജ്യത്തെ മൊത്തം കാറുകളിൽ 50 ശതമാനം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളായി മാറ്റുകയെന്നതാണ് യു.എ.ഇയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.