ഫുജൈറ: അതിവേഗ പാതയിൽ റോഡ് മുറിച്ചുകടന്ന യുവാവ് വാഹനമിടിച്ച് മരിച്ചു. ബംഗ്ലാദേശി പൗരനാണ് മരിച്ചതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തുവെച്ച് സീബ്ര ലൈനിലല്ലാതെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് ഫുജൈറ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദഹ്നാനി പറഞ്ഞു.
അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ യു.എ.ഇ പൗരൻ ഓടിച്ച കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓപറേഷൻ റൂമിൽ സംഭവം റിപോർട്ട് ചെയ്ത ഉടനെ ട്രാഫിക് പട്രോളിങ് ടീമും ദേശീയ ആംബുലൻസും ചേർന്ന് യുവാവിനെ ഫുജൈറ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചിരുന്നു.
മൃതദേഹം നിയമ നടപടികൾ പൂർത്തീകരിക്കുന്നതിനായി ദിബ്ബ അൽ ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാൽനടക്കാർ, നിശ്ചയിച്ച സ്ഥലത്തുകൂടി മാത്രമേ റോഡ് മുറിച്ചുകടക്കാവൂവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.