റാസല്‍ഖൈമ: റാക് ഖലീഫ ആശുപത്രി മേഖലയില്‍ അവസാനിക്കുന്ന എമിറേറ്റ്സ് റോഡ് (ഇ 611) അല്‍ ശമലിലേക്ക് നീട്ടുന്ന നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍. ഇതര എമിറേറ്റുകളില്‍ നിന്ന് റാസല്‍ഖൈമയിലേക്കെത്തുന്നവര്‍ക്കും ഒമാന്‍ യാത്രികര്‍ക്കും ഗണ്യമായ സമയ ലാഭവും സുഗമമായ യാത്രയുമാണ് പുതു പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലഭിക്കുക.
സുഹൈല, അല്‍ ശമല്‍ ഇ 611 എക്സ്റ്റന്‍ഷന്‍ പ്രവൃത്തിയിലുള്‍പ്പെടുത്തിയാണ് അധികൃതര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് രൂപരേഖയുണ്ടാക്കിയത്. കറാനില്‍ ഫഹലൈനെ ബന്ധിപ്പിക്കുന്ന മേല്‍പാല നിര്‍മാണവും ഫഹലൈനിലെ വാദിയോടനുബന്ധിപ്പിച്ച മേഖലയിലുമാണ് പ്രധാനമായും ഇനി പണി പൂര്‍ത്തീകരിക്കാനുള്ളത്. ദ്രുതഗതിയിലാണ് ഈ മേഖലയില്‍ നിര്‍മാണം പുരോഗമിക്കുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും അല്‍ ശമല്‍ തുടങ്ങി നിര്‍മാണം പൂര്‍ത്തിയായ പാതകളിലും ദിശാ സൂചികകളും എക്സിറ്റ് നമ്പറുകളും സ്ഥാനം പിടിച്ചു കഴിഞ്ഞു. അല്‍റഫ മുതല്‍ കറാന്‍ വരെ പൂര്‍ത്തിയായ പാത വൈകാതെ ഗതാഗതത്തിന് തുറന്നു കൊടുക്കും.
ഇതോടെ റാസല്‍ഖൈമ എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര എളുപ്പമാകും. കറാന്‍ സഖര്‍ പാര്‍ക്കിന് സമീപത്തെ മേല്പ്പാലത്തിെൻറയും മറ്റും നിര്‍മാണ പ്രവൃത്തികള്‍ ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം. നിലവില്‍ എമിറേറ്റ്സ് റോഡ് വഴി വരുന്നര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ പ്രവേശിച്ച് പത്തോളം ട്രാഫിക് സിഗ്നലുകളും റൗണ്ടെബൗട്ടുകളും കടന്നാണ് റാസല്‍ഖൈമയുടെ വടക്കന്‍ മേഖലകളായ അല്‍ ശമല്‍, അല്‍ റംസ്, അല്‍ ജീര്‍, ഷാം തുടങ്ങിയിടങ്ങളിലേക്കെത്തുന്നത്. അല്‍ ശമലില്‍ നിന്ന് 33 കിലോ മീറ്റര്‍ കഴിഞ്ഞാല്‍ ഒമാന്‍ അതിര്‍ത്തിയായി.
ഒമാന്‍ യാത്രക്ക് പുറമെ റാസല്‍ഖൈമയിലെ പ്രധാന മേഖലകളായ അല്‍ മാമൂറ, അല്‍ നഖീല്‍ എന്നിവിടങ്ങളിലേക്കും പുതിയ പാത തുറക്കുന്നതോടെ എളുപ്പത്തില്‍ പ്രവേശിക്കാനാകും. നിലവില്‍ റാസല്‍ഖൈമയുടെ നഗര മധ്യത്തിലൂടെ കടന്നു പോകുന്ന ട്രക്കുകളുടെ യാത്രയും പുതിയ പാതയിലൂടെ ആകുന്നതോടെ നിലവിലെ ഗതാഗത കുരുക്കിനും ശമനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.