ദുബൈ: ദുബൈയിൽനിന്ന് ഷാർജയിലേക്കും മറ്റ് വടക്കൻ എമിറേറ്റുകളിലേക്കുമുള്ള യാത്ര സമയം 45 ശതമാനം വരെ കുറക്കാൻ ലക്ഷ്യമിട്ട് എമിറേറ്റ്സ് റോഡിൽ പ്രഖ്യാപിച്ച നവീകരണ പ്രവൃത്തികൾ സെപ്റ്റംബറിൽ ആരംഭിക്കും. രണ്ടു വർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കും. 75 കോടി ദിർഹമിന്റെ പദ്ധതിയാണ് ഊർജ, അടിസ്ഥാന വികസന മന്ത്രാലയം എമിറേറ്റ്സ് റോഡിൽ പ്രഖ്യാപിച്ചത്.
ദുബൈയെ ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഹൈവേയാണ് എമിറേറ്റ്സ് റോഡ്. ഷാർജയിലെ അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ഹൈവേയിൽ ഇരു ദിശയിലേക്കും മൂന്ന് മുതൽ അഞ്ച് ലൈനുകൾ വരെ റോഡ് വികസിപ്പിക്കുന്നതാണ് പദ്ധതി. ഇത് റോഡിന്റെ ശേഷി 65 ശതമാനം വർധിപ്പിച്ച് മണിക്കൂറിൽ ഏകദേശം 9,000 വാഹനങ്ങളായി ഉയർത്തും.
എമിറേറ്റ്സ് റോഡിലെ ഇന്റർചേഞ്ച് നമ്പർ 7 ന്റെ സമഗ്രമായ നവീകരണവും ഇതിൽ ഉൾപ്പെടും. ആകെ 12.6 കിലോമീറ്റർ നീളമുള്ള ആറ് പാലങ്ങളും പദ്ധതിയിൽ നിർമിക്കും. ഇതിലൂടെ മണിക്കൂറിൽ കടന്നുപോകാൻ കഴിയുന്ന വാഹനങ്ങളുടെ ശേഷി 13,200 ആയി ഉയരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതി, റാസൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബൈയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ യാത്രാ സമയം ഗണ്യമായി കുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.