അബൂദബി: അറേബ്യൻ പരുന്ത് മൂങ്ങയെ യു.എ.ഇയുടെ കിഴക്കൻ മേഖലയിലെ ഹജർ പർവതനിരകളിൽ കണ്ടെത്തി. ബൂബോ ആഫ്രിക്കാനസ് മിലെസി എന്ന ശാസ്ത്രനാമമുള്ള ഇൗ ഇനം മൂങ്ങയെ ആദ്യമായാണ് യു.എ.ഇയിൽ കാണുന്നത്. എമിറേറ്റ്സ് വൈൽഡ് ലൈഫ് സൊസൈറ്റിയുടെയും (ഇ.ഡബ്ല്യു.എസ്) വേൾഡ് വൈൽഡ് ഫണ്ടിെൻറയും (ഡബ്ല്യു.ഡബ്ല്യു.എഫ്) കരജീവി സംരക്ഷണ പദ്ധതിയിലെ ശാസ്ത്രജ്ഞനായ ആൻറണി സ്റ്റോക്വർട്ട് ഫുജൈറ നഗരസഭയിലെ വാദി വുറയ്യ നാഷനൽ പാർക്ക് റേഞ്ചർ സമി മജീദിെൻറ പിന്തുണയോടെയാണ് പരുന്ത് മൂങ്ങയെ കണ്ടെത്തിയത്. യു.എ.ഇയിലെ സമ്പന്നമായ ജൈവവൈവിധ്യത്തെ കുറിച്ച് കൂടുതൽ ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന് വ്യക്തമാക്കുന്ന കണ്ടെത്തലാണിതെന്ന് ശാസ്ത്രലോകം കരുതുന്നു.
2015ൽ വാദി വുറയ്യയിൽ ഇണയില്ലാത്ത ഒമാനി മൂങ്ങയെ കണ്ടെത്തിയതിലെ പ്രചോദനത്താലാണ് ഇ.ഡബ്ല്യു.എസ്^ഡബ്ല്യു.ഡബ്ല്യു.എഫ് യു.എ.ഇയിലെയും ഒമാനിലെയും ഹജർ പർവതനിരകളിൽ വ്യാപകമായ മൂങ്ങ സർവേ നടത്താൻ തീരുമാനിച്ചത്. പൊതുവെ ഒമാനിലെ ദോഫാറിെൻറ വിവിധ ഭാഗങ്ങളിലാണ് അറേബ്യൻ പരുന്ത് മൂങ്ങ വസിക്കുന്നത്. ഒമാനിലെ ഹജർ മലകളിലും ഇവയുടെ സാന്നിധ്യമുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. യെമൻ, സൗദി അറേബ്യയിലെ അസീർ പർവതം, ചെങ്കടൽ തീരങ്ങൾ എന്നിവിടങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.
കെനിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കാണുന്ന പരുന്ത് മൂങ്ങയുടെ ഉപ വിഭാഗമായ അറേബ്യൻ പരുന്ത് മൂങ്ങകൾ തുറന്ന വനപ്രദേശങ്ങളിലും പാറകളുള്ളതും മുൾെചടികൾ വ്യാപിച്ചുകിടക്കുന്നതുമായ കുന്നിൽചെരുവുകളിലുമാണ് വസിക്കുന്നത്. ആഹ്ലാദകരമായ കണ്ടുപിടിത്തമാണ് ഇതെന്ന് ഇ.ഡബ്ല്യു.എസ്^ഡബ്ല്യു.ഡബ്ല്യു.എഫ് കരജീവി സംരക്ഷണ പദ്ധതി ശാസ്ത്ര ഉപദേഷ്ടാവും മാനേജറുമായ ജാക്കി ജുദാസ് അഭിപ്രായപ്പെട്ടു. യു.എ.ഇയിലുള്ളതും എന്നാൽ കണ്ടെത്തപ്പെടാത്തതുമായ നിരവധി ഇനങ്ങളിൽ ഒന്ന് മാത്രമാണ് ഇതെന്ന് ഉറപ്പാണ്.
ചൂടും വരണ്ടതുമായ കാലാവസ്ഥയായിട്ടും ആകർഷകവും അതീജീവന ശേഷിയുള്ളതുമായ വലിയൊരു കൂട്ടം വ്യത്യസ്ത ജീവിവർഗങ്ങളെ മരുഭൂമികളിലും പർവതപ്രദേശങ്ങളിലും കണ്ടുവരുന്നു. ഇവയിൽ അറേബ്യൻ ഉപദ്വീപിൽ വസിക്കുന്നവ മാത്രമല്ല, ഏഷ്യക്കും ആഫ്രിക്കക്കുമിടയിൽ ദേശാടനം നടത്തുന്നവയുമുണ്ട്. നിർഭാഗ്യവശാൽ അതിവേഗമുള്ള വികസനഗതി ഇത്തരം ജീവിവർഗങ്ങൾക്ക് വലിയൊരു ഭീഷണിയായിട്ടുണ്ട്. അതിനാൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും അവയുടെ ആവാസ വ്യവസ്ഥിതിയെയും സംരക്ഷിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.