ദുബൈ: ആർ.ടി.എയുടെ കീഴിലുള്ള ഷെയർ ഇ-സ്കൂട്ടറുകൾ കഴിഞ്ഞ വർഷം നടത്തിയത് 10 ലക്ഷം ട്രിപ്പുകൾ. 2021നെ അപേക്ഷിച്ച് ഇരട്ടി സർവിസാണ് കഴിഞ്ഞ വർഷം നടത്തിയതെന്ന് ആർ.ടി.എ അറിയിച്ചു. ഗുരുതര അപകടങ്ങളൊന്നുമില്ലാതെയായിരുന്നു സർവിസ്. 2022ൽ 5.57 ലക്ഷം പേരാണ് ഈ സേവനം ഉപയോഗിച്ചത്. ഉപഭോക്താക്കളുടെ സംതൃപ്തി നിരക്ക് 76 ശതമാനമാണ്. അഞ്ച് ലക്ഷം റൈഡുകൾ നടന്ന 2021ൽ ഇത് 79 ശതമാനമായിരുന്നു. ഇ-സ്കൂട്ടർ ഉപയോഗം വർധിച്ചത് ദുബൈയിലെ സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗംകൂടിയാണ്. ഇതിനായി ആർ.ടി.എ നടത്തിയ ബോധവത്കരണം വിജയിച്ചതിന്റെ തെളിവാണ് പുതിയ കണക്കുകൾ. ഇ-സ്കൂട്ടർ ഉപയോഗത്തിനുള്ള പെർമിറ്റുകൾ 50,000 പേർക്കാണ് അനുവദിച്ചത്.
കൂടുതൽ മേഖലകളിലേക്ക് ഇ-സ്കൂട്ടർ ട്രാക്കുകൾ വ്യാപിപ്പിച്ചു. ആദ്യഘട്ടത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൂലേവാദ്, ജുമൈറ ലേക് ടവർ, ദുബൈ ഇന്റർനെറ്റ് സിറ്റി, അൽ റിഗ്ഗ, സെക്കൻഡ് ഓഫ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവിടങ്ങളിലാണ് ട്രാക്കുകൾ നിർമിച്ചത്. ഖിസൈസ്, മൻഖൂൽ, കറാമ എന്നിവിടങ്ങളിലെ പ്രത്യേക ഭാഗങ്ങളിലും ഇ-സ്കൂട്ടറിന് അനുമതി നൽകിയിട്ടുണ്ട്.
ഈ വർഷം ആദ്യപാദം മുതൽ 11 പുതിയ റെസിഡൻഷ്യൽ മേഖലകളിൽകൂടി ഇ-സ്കൂട്ടറുകൾക്ക് അനുമതി നൽകി. അൽ തവാർ, ഉമ്മുസുഖീം, ഗറൂദ്, മുഹൈസിന, ഉമ്മുഹുറൈർ, അൽസഫ, അൽ ബർഷ സൗത്ത്, അൽ ബർഷ -3, അൽഖൂസ് -4, ഖിസൈസ് -3 എന്നിവയാണ് പുതിയ മേഖലകൾ. ഇതോടെ ആകെ 21 മേഖലകളിലാണ് ഇ-സ്കൂട്ടറുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. വിവിധ മേഖലകളിൽ ഇ-സ്കൂട്ടറിന്റെ പരമാവധി വേഗതയും വ്യത്യസ്തമാണ്. അപകടം കുറക്കുന്നതിന് വിവിധ മേഖലകളിൽ ആർ.ടി.എ ബോധവത്കരണവും നടത്തി. ഇ-സ്കൂട്ടർ കൂടുതലായി ഉപയോഗിക്കുന്ന ബൊലെവാദ്, ജുമൈറ ബീച്ച്, ദുബൈ വാട്ടർ കനാൽ, ജുമൈറ ലേക് ടവർ തുടങ്ങിയ സ്ഥലങ്ങളിലാണ് ബോധവത്കരണം നടത്തിയത്. എട്ട് മെട്രോ സ്റ്റേഷനിലും സംഘം എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.