ദുബൈ: ലോകത്തെ ഏറ്റവും മികച്ചതും മനോഹരവും പരിഷ്കൃതവുമായ നഗരമായി ദുബൈ മാറുന്നുവെന്ന് ഉറപ്പുവരുത്താൻ പുതിയ സമിതിക്ക് രൂപം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ‘സിവിലിറ്റി കമ്മിറ്റി’ എന്ന് പേരിട്ട സമിതിയുടെ അധ്യക്ഷൻ മുഹമ്മദ് അൽ ഗർഗാവിയാണ്. മതാർ അൽ തായർ ആണ് ഡെപ്യൂട്ടി ചെയർമാൻ. അബ്ദുല്ല അൽ ബസ്തി, ഉമർ അൽ ഉലമ, അബ്ദുല്ല അൽ മർറി, ഹലാൽ അൽ മർറി, മർവാൻ അൽ ഖലിത എന്നിവർ അംഗങ്ങളാണ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് എമിറേറ്റിന്റെ പരിപാലനത്തിന് മാത്രമായി പ്രത്യേക സമിതി രൂപവത്കരിക്കുന്നത്. മുഹമ്മദ് ബിൻ റാശിദ് ലീഡർഷിപ്പ് ഫോറത്തിൽ ശൈഖ് മുഹമ്മദ് പങ്കുവെച്ച ആശയങ്ങൾക്ക് പിന്നാലെയാണ് പുതിയ സമിതിയുടെ പ്രഖ്യാപനം. ദുബൈ ലോകത്ത് ഏറ്റവും മികച്ചതും ഭംഗിയുള്ളതും പരിഷ്കൃതവുമായ നഗരമായി മാറണമെന്നാണ് ശൈഖ് മുഹമ്മദിന്റെ ആശയം. പിതാവിന്റെ ആശയങ്ങളെ യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മകന്റെ നടപടി. ലോകത്തിലെ ഏറ്റവും പരിഷ്കൃതമായ ജീവിത അനുഭവം, അതായത് പുരോഗതിയുടെയും മൂല്യങ്ങളുടെയും മാനുഷികമായ അന്തസ്സിന്റെയും ജീവിക്കുന്ന മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്നതാണ് ദുബൈ ‘സിവിലിറ്റി കമ്മിറ്റി’യുടെ ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
നഗരത്തിന്റെ സൗന്ദര്യശാസ്ത്രത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളെ കണ്ടെത്തുക, നഗരം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുകയും വിശകലനം ചെയ്യുകയും അത് പരിഹരിക്കാനുള്ള ആക്ഷൻ പ്ലാൻ രൂപവത്കരിക്കുകയും ചെയ്യുക, ദുബൈ നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനായുള്ള നടപടികൾ ആസൂത്രണം ചെയ്യുക, മോശം പ്രവണതകളെ ലഘൂകരിക്കുന്നതിന് എ.ഐ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികളെ പ്രയോജനപ്പെടുത്തുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ ചുമതലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.