ദുബൈയിലെ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ ഒക്ടോബര്‍ 26 ന് അടച്ചിടും

ദുബൈ: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ദുബൈയിലെ കേന്ദ്രങ്ങളെല്ലാം ഒക്ടോബര്‍ 26 ന് അടച്ചിടും. ഉപഭോക്താക്കളുടെ ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. ‘സേവന കേന്ദ്രങ്ങളില്ലാത്ത ഒരു ദിനം’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളും സര്‍ക്കാരിലേക്ക് അടക്കേണ്ട ഫീസും സ്മാര്‍ട്ട് ചാനല്‍ വഴി മാത്രമാക്കാനാണ് ദുബൈ ധനവകുപ്പ് ലക്ഷ്യമിടുന്നത്. പരിപാടി വിജയിപ്പിക്കുന്നതിന് സര്‍ക്കാരി​​െൻറ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ധനവകുപ്പി​​െൻറ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 
ദുബൈയെ ലോകത്തെ ഏറ്റവും സന്തോഷകരമായ നഗരമായി മാറ്റുന്നതിന് വേണ്ടി യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്ന ദിവസം സ്മാര്‍ട്ട് ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനാവും സേവനകേന്ദ്രങ്ങള്‍ ശ്രമിക്കുകയെന്ന് ധനവകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ സാലിഹ് ആല്‍ സാലിഹ് പറഞ്ഞു. 

ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ദുബൈ പൗരന്മാരുടെയും സന്ദര്‍ശകരുടെയും ജീവിതം കൂടുതല്‍ ആയാസരഹിതമാകുമെന്നതും മികവുറ്റതും നിലവാരമുള്ളതുമായ സേവനം ഓരോരുത്തര്‍ക്കും വ്യക്തിപരമായി ലഭിക്കുമെന്നതുമാണ് പദ്ധതിയുടെ മെച്ചം. 

സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകുന്ന ‘ദുബൈ നൗ’ പോലുള്ള സര്‍ക്കാര്‍ ആപ്പുകളില്‍ കൂടി മാത്രമെ പദ്ധതി നടപ്പാക്കുന്ന ദിവസം സേവനങ്ങള്‍ ലഭ്യമാകൂ എന്ന് സെന്‍ട്രല്‍ അക്കൗണ്ട്സ് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജമാല്‍ ഹമീദ് ആല്‍ മറിയും അറിയിച്ചു. സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗിക്കുന്നത് ദൈനംദിന ജീവിതത്തി​​െൻറ ഭാഗമാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 26 ന് ശേഷം സേവന കേന്ദ്രങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും. 
ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിമാത്രമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് പണവും സമയവും ലാഭിക്കാനാവും. ഗതാഗതത്തിരക്ക് കുറക്കുക, ഇന്ധനം ലാഭിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക, പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയൊക്കെ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍പെടുന്നു.

Tags:    
News Summary - dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.