പുതുതായി എത്തിച്ച സ്കൂൾ ബസ് ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പരിശോധിക്കുന്നു
ദുബൈ: ആവശ്യക്കാർ കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ടാക്സികൾ സ്വയം ഉപഭോക്താക്കളെ തേടിയെത്തുന്ന സംവിധാനം രൂപപ്പെടുന്നു. ഏറ്റവും നൂതനമായ നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ടാക്സി സംവിധാനത്തിന് 'സ്മാർട്ട് ഡയറക്ഷൻ'നൽകുന്ന സംവിധാനം ഒരുങ്ങുന്നത്. ഡേറ്റകൾ വിശകലനം ചെയ്ത് ഏറ്റവും ഉയർന്ന ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ടാക്സികളെ വഴിതിരിച്ചുവിടുകയാണിത് ചെയ്യുക. റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ എന്ന ഈ പദ്ധതിയിലൂടെ ഇന്ധന ഉപഭോഗം കുറക്കാനും ഒരു വാഹനത്തിന്‍റെ യാത്രകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഈ സംവിധാനമടക്കം നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന പുതിയ പദ്ധതികൾക്ക് ദുബൈ ടാക്സി കോർപറേഷൻ (ഡി.ടി.സി) അംഗീകാരം നൽകിയതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
നിർമിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കുക, ടാക്സി സേവനത്തിന്‍റെ കാര്യക്ഷമത ഉയർത്തുന്നത് ഓട്ടോമേറ്റ് ചെയ്യുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക എന്നിവ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നതായി ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.
റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ പദ്ധതിയിലൂടെ യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നത് 15 ശതമാനം വർധിപ്പിക്കുകയും മനുഷ്യവിഭവശേഷിയുടെ ചെലവ് 20 ശതമാനം കുറക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനായി ഡി.ടി.സിയുടെ ടാക്സികളുടെ കൂട്ടത്തിലേക്ക് പുതുതായി ചേർത്ത ടെസ്ല മോഡൽ-3 വാഹനം അൽ തായർ സന്ദർശിക്കുകയും ചെയ്തു. പുതുതായി എത്തിച്ച 52 സീറ്റുകളും 36 സീറ്റുകളുമുള്ള 236 സ്കൂൾ ബസുകളും അദ്ദേഹം പരിശോധിച്ചു. ഇൻഡോർ, ഔട്ട്ഡോർ കാമറകൾ, വിദ്യാർഥികളുടെ പരിശോധന സംവിധാനം, മോഷൻ ഡിറ്റക്ടറുകൾ, ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനം എന്നിവ ഉൾപ്പെടെ ഏറ്റവും പുതിയ സുരക്ഷ മാർഗങ്ങൾ ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിന് ടാക്സി കോർപറേഷൻ നിരവധിയായ പുതിയ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. 2022ന്‍റെ ആദ്യ പകുതിയിൽ ഡി.ടി.സി 11.8 കോടി ദിർഹം ലാഭം ഉണ്ടാക്കിയിട്ടുണ്ട്. ടാക്സികൾ, ലിമോകൾ, ബസുകൾ എന്നിവക്കായി ഏഴ് വാണിജ്യ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു.
ഇത്തരത്തിൽ വളർച്ചാവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ലാഭം വർധിപ്പിക്കുകയും ചെയ്യുകയാണ് നൂതന പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.