ദുബൈ

സ്കൂൾ ഗെയിംസ്

(ഫയൽ ചിത്രം)

യുവതാരങ്ങൾക്ക്​ വഴിതെളിച്ച്​ ദുബൈ സ്കൂൾ ഗെയിംസ്

വളരാൻ താൽപര്യമുള്ളവർക്ക്​ നല്ല വളക്കൂറുള്ള മണ്ണാണ്​ ദുബൈ. കുരുന്നു പ്രായം മുതൽ വളർച്ചയുടെ പടവിലേക്ക്​ കൈപിടിച്ചുയർത്താൻ ആവശ്യമായ മണ്ണൊരുക്കുന്ന ദുബൈ, കുട്ടികളിലെ കായിക താരങ്ങളെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനുമായി തുടങ്ങിയ സ്കൂൾ ഗെയിംസിന്​ ലഭിക്കുന്നത്​ മികച്ച പ്രതികരണം. കഴിഞ്ഞ മാസം ആരംഭിച്ച മൂന്നാം എഡിഷനും ദുബൈയിലെ സ്കൂളുകളിൽ തകർത്താടുകയാണ്​.

2021ലാണ്​ ദുബൈ സ്​കൂൾ ഗെയിംസിന്​ തുടക്കമായത്​. യു.എ.ഇയിലെ യുവ കായിക താരങ്ങ​​ളെ മുഖ്യധാരയിലേക്കെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. കുട്ടികളിൽ ആരോഗ്യ അവബോധം സൃഷ്​ടിക്കുക എന്ന ലക്ഷ്യവും കൂടി മുൻനിർത്തിയായിരുന്നു ഗെയിംസ്​ തുടങ്ങിയത്​. കഴിഞ്ഞ രണ്ട്​ സ്കൂൾ ഗെയിംസിൽ 130 സ്​കൂളുകളിൽ നിന്ന്​ 4500 വിദ്യാർഥികളാണ്​ പ​ങ്കെടുത്തത്​. 35 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിൽ 14 കായിക ഇനങ്ങളിലാണ്​ മത്സരങ്ങൾ നടന്നത്​.

എന്നാൽ, ഇക്കുറി റെക്കോഡ്​ പങ്കാളിത്തമാണ്​ സ്കൂൾ ഗെയിസിൽ. 90 ദിവസം നീണ്ടുനിൽക്കുന്ന ഗെയിംസിൽ 200ലധികം സ്കൂളുകളിൽ നിന്ന്​ 5000ഓളം കുട്ടികളാണ്​ പ​ങ്കെടുക്കുന്നുന്നത്​. 22 കായിക ഇനങ്ങൾ നടക്കുന്നുണ്ട്​. ഫുട്​ബാൾ, റഗ്​ബി, സൈക്ലിങ്​, ബാസ്​ക്കറ്റ്​ബാൾ, ബാഡ്​മിന്‍റൺ, വോളിബാൾ, അമ്പെയ്ത്ത്​ തുടങ്ങിയവ ഇതിൽ ഉൾപെടുന്നു. ഇതിൽ ബാസ്​ക്കറ്റ്​ബാൾ, ബാഡ്​മിന്‍റൺ, വോളിബാൾ ഉൾപെടെയുള്ള ഏഴ്​ ഇനങ്ങൾ ഈ വർഷമാണ്​ ആദ്യമായി ഉൾപെടുത്തിയത്​.

കഴിഞ്ഞ വർഷം ഫുട്​ബാളിൽ മാത്രം 37 സ്കൂളുകളിൽ നിന്ന്​ 1536 കുട്ടികളാണ്​ പ​ങ്കെടുത്തത്​. ആദ്യ രണ്ട്​ സീസണുകളിലായി 840 മെഡലുകൾ വിതരണം ചെയ്തു. സ്കൂളുകൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അനായാസ നടപടിക്രമങ്ങളിലൂടെ തങ്ങളുടെ കുട്ടികളെ സ്കൂൾ ഗെയിംസിന്‍റെ ഭാഗമാക്കാൻ കഴിയും.

എമിറേറ്റിലെ സ്കൂൾ വിദ്യാർഥികൾ പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ്​ മത്സര ക്രമീകരണം. കേരളത്തിലെ സ്കൂൾ കായിക മേള പോലെയാണ്​ മത്സരങ്ങളെങ്കിലും മൂന്ന്​ വർഷം മുൻപാണ്​ ദുബൈയിൽ ഇത്തരമൊരു പദ്ധതി ആവിഷ്​കരിക്കുന്നത്​. ഇതുവഴി നിരവധി കായിക താരങ്ങളാണ്​ ഓരോ വർഷവും പിറവിയെടുക്കുന്നത്​. ഇതിന്​ പുറമെ നിരവധി പദ്ധതികൾ യുവതാരങ്ങൾക്കും വിദ്യാർഥികൾക്കുമായി ദുബൈ സ്​പോർട്​സ്​ കൗൺസിൽ ഒരുക്കുന്നുണ്ട്​.

Tags:    
News Summary - Dubai School Games shows the way for young players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.