ദുബൈ: പ്രതിമാസം 10 ശതമാനം ലാഭം വാഗ്ദാനം ചെയ്തുള്ള നിക്ഷേപ തട്ടിപ്പുകൾ വ്യാപകമാവുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. യാതൊരു അപകട സാധ്യതയുമില്ലെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ഇത്തരം വാഗ്ദാനങ്ങൾ തട്ടിപ്പിന്റെ വ്യക്തമായ സൂചനയാണെന്ന് ദുബൈ പൊലീസിന്റെ വഞ്ചനവിരുദ്ധ കേന്ദ്രം മുന്നറിയിപ്പു നൽകി. സമൂഹമാധ്യമ പേജുകളിലും ഓൺലൈൻ പെയ്ഡ് പ്രമോഷനുകളും ഉപയോഗിച്ചാണ് ചില കമ്പനികൾ ഇത്തരം വ്യാജ വാഗ്ദാനങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ബന്ധപ്പെട്ട അതോറിറ്റികളിൽനിന്നുള്ള ലൈസൻസില്ലാത്ത ഇത്തരം സ്ഥാപനങ്ങൾ പ്രമുഖ നിക്ഷേപ കമ്പനികളുടെ പേരും ലോഗോയും ദുരുപയോഗം ചെയ്യുകയാണ്. പിരമിഡ് ശൈലിയിലുള്ള പ്രവർത്തനരീതിയാണ് ഇത്തരക്കാർ പിന്തുടരുന്നത്.പുതിയ നിക്ഷേപകർക്ക് പഴയ നിക്ഷേപകരിൽനിന്നുള്ള പണം ഉപയോഗിച്ച് ലാഭവിഹിതമെന്ന പേരിൽ നൽകുന്നതാണ് പിരമിഡ് ശൈലിയിലുള്ള തട്ടിപ്പ്. നിക്ഷേപം ലാഭകരമെന്ന മിഥ്യാധാരണ സൃഷ്ടിച്ച ശേഷം പണവുമായി മുങ്ങുകയാണ് ഇവരുടെ പതിവ്.
പ്രതിമാസം 10 ശതമാനമോ അതിൽ കൂടുതലോ ലാഭം ഉറപ്പുനൽകുന്നത് നിയമപരമായി പ്രവർത്തിക്കുന്ന നിക്ഷേപ അന്തരീക്ഷത്തിൽ അപ്രായോഗികമാണ്. ഉയർന്ന റിട്ടേൺ ലഭിക്കുമ്പോൾ അതിന് ആനുപാതികമായ നഷ്ടസാധ്യതയും ഉണ്ടാവും.അതില്ലാതെ ഉയർന്ന ലാഭ വാഗ്ദാനം സാമ്പത്തിക തട്ടിപ്പിന്റെ കൃത്യമായ സൂചനയാണെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
ഏതെങ്കിലും കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനും പണം കൈമാറുന്നതിനും മുമ്പ് ലൈസൻസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു. പെട്ടെന്നുള്ള ലാഭം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ വീഴരുത്. സംശയം തോന്നുന്ന പരസ്യങ്ങളോട പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇ-ക്രൈം പ്ലാറ്റ്ഫോമിലോ 901 എന്ന നമ്പറിലോ റിപ്പോർട്ട് ചെയ്യാം.സാമ്പത്തിക തട്ടിപ്പിനെതിരായ പ്രവർത്തനം സമൂഹങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും പൊലീസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.