പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രഖ്യാപിക്കുന്നതിന് വിളിച്ചുചേർത്ത പത്രസമ്മേളനം
ദുബൈ: കേസുകളുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ അഭിഭാഷകർക്ക് എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന ഡിജിറ്റൽ സംവിധാനവുമായി ദുബൈ പൊലീസ്. ദുബൈ പൊലീസ് വെബ്സൈറ്റിലാണ് അഭിഭാഷകർകായി പ്രത്യേക പ്ലാറ്റ്ഫോം സജ്ജീകരിച്ചിരിക്കുന്നത്. ഇതുവഴി കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കാതെ തന്നെ 24 മണിക്കൂറും ഇടപെടാൻ സാധിക്കും.
പൊലീസിന്റെ രണ്ടാം തലമുറ ഔദ്യോഗിക വെബ്സൈറ്റിന്റെയും സ്മാർട്ട് ആപ്ലിക്കേഷന്റെയും ലോഞ്ച് പ്രഖ്യാപിച്ച് നടന്ന പത്രസമ്മേളനത്തിനിടെയാണ് ചൊവ്വാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷിതമായ യു.എ.ഇ പാസ് ലോഗിൻ ഉപയോഗിച്ച് ഈ പ്ലാറ്റ്ഫോമിലേക്ക് ആക്സസ് ലഭിക്കും. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഇടപാടുകൾ വേഗത്തിലാക്കുന്നതിനും അഭിഭാഷകർക്കും നിയമ ഉപദേഷ്ടാക്കൾക്കും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനും രൂപകൽപ്പന ചെയ്തിരിക്കുന്ന ഏഴ് പ്രത്യേക ഡിജിറ്റൽ നിയമ സേവനങ്ങളാണ് പ്ലാറ്റ്ഫോമിൽ സജ്ജീകരിച്ചിരിക്കുന്നത്.
പേപ്പർ വർക്കുകൾ പൂർത്തിയാക്കാനും അപേക്ഷകൾ സമർപ്പിക്കാനും രേഖകൾ അപ്ലോഡ് ചെയ്യാനും കേസുകളിൽ തുടർനടപടികൾ സ്വീകരിക്കാനും അഭിഭാഷകർക്ക് ഇതിലൂടെ സാധിക്കും. കേസുകൾ, കൺസൾട്ടന്റുകൾ, ക്ലയന്റുമായി ബന്ധപ്പെട്ട അപേക്ഷകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് രജിസ്റ്റർ ചെയ്ത ഓരോ അഭിഭാഷകനും വ്യക്തിഗത ഡിജിറ്റൽ ഡാഷ്ബോർഡ് നൽകും. ഇതുവഴി എളുപ്പത്തിൽ ഓരോ കേസിന്റെയും വിവരങ്ങൾ അറിയാനാകും.
ക്ലയിന്റുകൾക്ക് വേണ്ടി ക്രിമിനൽ പരാതികൾ സമർപ്പിക്കൽ, തടവുകാരുമായി വെർച്വൽ കൂടിക്കാഴ്ചക്ക് അപേക്ഷിക്കൽ, യാത്ര വിലക്കുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്താനും നേരിട്ട് പേയ്മെന്റ് ചെയ്യാനും കേസുകൾ അവസാനിപ്പിക്കാനും അടക്കം പ്ലാറ്റ്ഫോം വഴി സാധിക്കും.കൃത്യത, സംവേദനക്ഷമത, സീറോ ബ്യൂറോക്രസി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സമ്പൂർണ ഡിജിറ്റൽ യാത്രയാണ് ഈ പദ്ധതി ലഭ്യമാക്കുന്നതെന്ന് ദുബൈ പൊലീസ് ഭരണകാര്യ വിഭാഗം അസി. കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സാലിഹ് അബ്ദുല്ല മുറാദ് പറഞ്ഞു. ഏറ്റവും ഉയർന്ന സ്ഥാപന മാനദണ്ഡങ്ങൾക്കനുസരിച്ച് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സമഗ്രമായ പ്ലാറ്റ്ഫോമാണ് ഇതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡയറക്ടർ മേജർ ജനറൽ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.