ദുബൈ: കരയിലെന്നപോലെ കടലിലും അതിവേഗ സുരക്ഷയൊരുക്കി ദുബൈ പൊലീസ്. എമിറേറ്റിന്റെ സമുദ്രഭാഗങ്ങളിൽനിന്ന് അടിയന്തര സാഹയം ആവശ്യപ്പെട്ടാൽ 12.30 മിനിറ്റുകൾക്കകം സേന അവിടെ എത്തിച്ചേരും. അടിയന്തരമല്ലാത്ത സാഹചര്യത്തിലും വളരെ വേഗത്തിൽ പ്രതികരിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ദുബൈ പോർട്ട് പൊലീസ് സ്റ്റേഷൻ 152 സംഭവങ്ങൾക്കാണ് പ്രതികരിച്ചത്. സാമ്പത്തിക തർക്കങ്ങളുമായി ബന്ധപ്പെട്ട പരാതികളടക്കം ഇത്തരത്തിൽ പരിഹരിക്കാൻ പൊലീസ് സ്റ്റേഷന് കഴിഞ്ഞിട്ടുണ്ട്.
ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽമർറി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സ്റ്റേഷൻ സന്ദർശിച്ചിരുന്നു. നിയമങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താനായി പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികൾ അദ്ദേഹം വിലയിരുത്തി. സമുദ്രനിയമങ്ങൾ ലംഘിക്കുന്ന ബോട്ടുകളെ ഉദ്യോഗസ്ഥർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അഭ്യാസപ്രകടനത്തോടെയാണ് പരിശോധന ആരംഭിച്ചത്. ദുബൈയുടെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പോർട്ട് പൊലീസ് സ്റ്റേഷന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് കമാൻഡർ ഇൻ ചീഫ് പറഞ്ഞു.
എമിറേറ്റിലെ തീരദേശ ഗതാഗതം നിരീക്ഷിക്കുക, നിയന്ത്രിക്കുക, കടൽയാത്രക്കാർക്കും വാട്ടർ ബൈക്ക് ഉപയോക്താക്കൾക്കും ബോധവത്കരണ കാമ്പയിനുകൾ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലും സ്റ്റേഷന്റെ പ്രവർത്തനം മാതൃകാപരമാണ്.
അധികാരപരിധിയിൽ ഉടനീളം 95 ശതമാനം സുരക്ഷ കവറേജ് നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിങ് സൈറ്റുകളിൽ ഡ്യൂട്ടി ഓഫിസറുടെ സാന്നിധ്യം 100 ശതമാനമാണെന്നും അദ്ദേഹം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.