ദുബൈ: യു.എ.ഇയുടെ എണ്ണയിതര വിദേശ വ്യാപാരം 3.8 ലക്ഷം കോടി ദിർഹം (1ലക്ഷം കോടി ഡോളർ) പിന്നിട്ടു.ചരിത്രത്തിൽ ആദ്യമായാണ് സുപ്രധാന നേട്ടം രാജ്യം കൈവരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് രാജ്യത്തിന്റെ നേട്ടം എക്സ് അക്കൗണ്ട് വഴി പങ്കുവെച്ചത്. കഴിഞ്ഞ വർഷം മാത്രം എണ്ണയിതര വിദേശ വ്യാപാരം 26 ശതമാനമാണ് വർധിച്ചിരിക്കുന്നത്. ശനിയാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം എണ്ണയിതര കയറ്റുമതി മൂല്യം 813 ശതകോടി ദിർഹമിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 45 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
2031ഓടെ കൈവരിക്കുന്നതിനായി മൂന്നുവർഷം മുമ്പ് പ്രഖ്യാപിച്ച ലക്ഷ്യമാണ് അതിവേഗത്തിൽ കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. അഞ്ചു വർഷം മുമ്പേ തന്നെ 95 ശതമാനം ലക്ഷ്യങ്ങളും കൈവരിക്കാൻ സാധിച്ചതായി ശൈഖ് മുഹമ്മദ് പറഞ്ഞു. നമ്മുടെ നിക്ഷേപ അന്തരീക്ഷം ഇപ്പോൾ പൂർണമായിട്ടുണ്ട്. അതോടൊപ്പം അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ഇരട്ടിയായി. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുകയും ദൈവകൃപയാൽ യുനൈറ്റഡ് അറബ് എമിറേറ്റ്സിലുള്ള ലോകത്തിന്റെ ആത്മവിശ്വാസം ഉറപ്പിക്കപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ എല്ലാ ദേശീയ ടീമംഗങ്ങളെയും അഭിനന്ദിക്കുന്നു. പരിശ്രമങ്ങൾ ഇരട്ടിയാക്കുകയും മികച്ച സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിന് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്യുകയെന്നതാണ് അവർക്കുള്ള സന്ദേശം -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.