ആമസോണിലെ ആദിവാസി ഗോത്രങ്ങളോടൊപ്പം
ചിലവഴിച്ചത്, യാത്രയിലെ ഏറ്റവും വ്യത്യസ്തമായ
അനുഭവങ്ങളിൽ ഒന്നായിരുന്നു. അവരുടെ
വീടുകൾ ലളിതമാണ്, പക്ഷേ ജീവിതം അവർക്കു സ്വച്ഛവും സമ്പൂർണ്ണവും. ആദിവാസി കുടിലുകളിലെ
ജീവിതം കണ്ടപ്പോൾ, അത്ഭുതപ്പെടുത്തിയത് അവരുടെ ഭക്ഷണസംസ്കാരമാണ്. അടുക്കളയെന്ന്
വിളിക്കാൻ പ്രത്യേക മുറിയില്ല, കാട് തന്നെയാണ്
അവരുടെ അടുക്കള
ബ്രസീലിലെ സാവോപോളോ വിമാനത്താവളത്തിൽ, ബോർഡിങ് ഗേറ്റിലെ കസേരയിൽ അക്ഷമനായി അങ്ങനെ ഇരിക്കുന്നു .....ഏറെനേരത്തെ കാത്തിരിപ്പിനു ശേഷം യാത്രക്കാർ എല്ലാവരും പുറപ്പെടാനായി, ബോർഡിങ് ഗേറ്റിൽ നിന്നും വിമാനത്തിന് അകത്തേക്ക് പ്രവേശിക്കാൻ അറിയിപ്പ് വന്നു. ആമസോൺ കാടുകളിലേക്കുള്ള ഈ യാത്ര ഇതുവരെ സ്വപ്നംപോലെയായിരുന്നു. വല്ലാത്തൊരു ത്രില്ലിലാണ്. കൈയിൽ ബോർഡിങ് പാസ്, മനസ്സിൽ ആമസോൺ കാട്. എന്നാൽ, വിമാനം കയറാനുള്ള അവസാന നിമിഷങ്ങളിൽ, ശീലപ്രകാരം പാസ്പോർട്ട് എടുക്കാനായി ഞാൻ പോക്കറ്റിൽ കൈയിട്ടു. പാസ്പോർട്ട്….ങ്ങേ !! എവിടെ?... കാണുന്നില്ല !!
ഒരു നിമിഷം നിശ്ചലമായി. ചുറ്റും ആളുകൾ വിമാനത്തിലേക്ക് കയറാനായി മുന്നോട്ട് നീങ്ങുന്നു, അനൗൺസ്മെന്റുകൾ കേൾക്കുന്നു, ബോർഡിങ് തുടരുന്നു. പക്ഷേ എന്റെ ഉള്ളിൽ ഒരൊറ്റ ചിന്ത മാത്രം, ഒരു ആധി മാത്രം.. എന്റെ യാത്ര ഇവിടെ അവസാനിച്ചോ? വീണ്ടും പോക്കറ്റിൽ... ബാഗിൽ...ബോർഡിങ് ഗേറ്റിൽ ഇരുന്ന കസേരയുടെ അടിയിൽ ... എല്ലായിടത്തും ധൃതിയിൽ പരതുന്നു ...ഇല്ല കാണുന്നില്ല..നഷ്ട്ടപെട്ടിരിക്കുന്നു....ശ്വാസം കിട്ടുന്നില്ലാത്ത പോലെ...ഭൂമിയുടെ മറുവശത്തുള്ള ഒരു രാജ്യത്തെ ഒരു എയർപോർട്ടിൽ ഏറെ പ്രതീക്ഷിച്ച ഒരു യാത്ര തുടരാനാവാതെ അവസാനിപ്പിക്കേണ്ടി വരുവോ....ഉള്ളിൽ ശബ്ദമില്ലാത്ത ഒരു നിലവിളി മാത്രം!
അകത്തെ ഭയം ശരീരത്തിലേക്ക് പടർന്നു. പാസ്പോർട്ട് നഷ്ടപ്പെട്ടാൽ, വിമാനം മാത്രമല്ല രാജ്യവും, തിരിച്ചുപോകാനുള്ള വഴിയും, എന്തിനേറെ മറ്റൊരുരാജ്യത്തു എന്റെ പേരും തെളിയിക്കാൻ പോലും കഷ്ട്ടപ്പെടും...
ഏതായാലൂം പാസ്പോർട്ട് കയ്യിലില്ലാതെ സെക്യൂരിറ്റി ചെക്കും എമിഗ്രേഷനും എല്ലാം കഴിഞ്ഞു ഇവിടെവരെ എത്താൻ കഴിയില്ലല്ലോ...അതെല്ലാം കഴിഞ്ഞ് ബഹുദൂരം നടന്നു വേണമല്ലോ ബോർഡിങ് ഗേറ്റിൽ എത്താൻ.
ഇനി ആ വഴിയിലെങ്ങാനും നഷ്ട്ടപ്പട്ടിരിക്കുമോ? ഒരു നിമിഷം പോലും ചിന്തിക്കാതെ, ഞാൻ തിരിഞ്ഞോടി. മനുഷ്യപ്രവാഹത്തിന്റെ എതിര്ദിശയിലേക്ക്. എന്റെ ജീവിതത്തിൽ ഇത്രയും സ്പീഡിൽ ഞാൻ ഓടിയിട്ടില്ല.
എതിരെ നടന്നു വരുന്ന മനുഷ്യനെയൊന്നും കാണാൻ പറ്റുന്നില്ല ...ഓടുന്ന വഴിക്കെല്ലാം നിലത്തേക്ക് നോക്കുന്നുണ്ട്, എവിടെയെങ്കിലും പാസ്പോർട്ട് വീണു കിടക്കുന്നുണ്ടാകുവോ...കണ്ണിലൊക്കെ ഒരുതരം ഇരുട്ട് മൂടിയപോലിരിക്കുന്നു...ഓടിയോടി സെക്യൂരിറ്റി സ്കാനിങ് ഏരിയയിൽ കിതച്ചു നിന്നു. ബാഗുകൾ സ്കാൻ ചെയ്യുന്ന ബെൽറ്റിന് സമീപം, ഞാൻ ബാഗുകളൊക്കെ ഇട്ട സ്ഥലത്തേക്ക് ചെന്നു. അവിടെയാണല്ലോ അവസാനമായി ഒരു ചെക്കിങ് ഉണ്ടായിരുന്നത്. ഹൃദയം ശക്തമായി ഇടിക്കുമ്പോൾ, അവിടെ സ്കാനറിനരികിൽ എന്റെ പാസ്പോർട്ട് പിടിച്ചൊരാൾ. ഒരു ഉദ്യോഗസ്ഥൻ അത് കൈയിലെടുത്ത് കാത്തുനിന്നിരുന്നു. എന്റെ സംഭ്രമവും ഓടിക്കിതച്ചുള്ള വരവും ടിയാൻ നോക്കികാണുവായിരുന്നുന്നെന്ന് തോന്നുന്നു. ‘Is this yours?’. ആ വാക്കുകൾ കേട്ട നിമിഷം, ശ്വാസം തിരിച്ചുകിട്ടിയതുപോലെ. പാസ്പോർട്ട് കൈയിൽ പിടിച്ചപ്പോൾ, അത് വെറും ഒരു രേഖയല്ലെന്ന് മനസ്സിലായി, യാത്രയുടെ ജീവൻ തന്നെയാണ്. നന്ദി പറഞ്ഞ്, വീണ്ടും തിരിച്ച് ഓട്ടം. ബോർഡിങ് ഗേറ്റിലേക്ക്. ഗേറ്റിലെത്തിയപ്പോഴേക്കും യാത്രക്കാർ ഏറെയും വിമാനത്തിൽ കയറിയിരുന്നു. ഗേറ്റിൽ അവസാന വിളി. ഞാൻ അവസാനമായി, ശ്വാസംമുട്ടിക്കൊണ്ട്, വിമാനം കയറി. സീറ്റിൽ ഇരിക്കുമ്പോൾ മാത്രമാണ് ശരീരം ശാന്തമായത്. പാസ്പോർട്ട് വീണ്ടും പോക്കറ്റിൽ ഭദ്രമായി വെച്ച്... അവിടെയുണ്ടെന്ന് ഒന്നുക്കൂടി ഉറപ്പിച്ചു.. വിമാനം റൺവേ വിട്ടുയർന്ന്, മേഘങ്ങളെ മുറിച്ചു മുന്നേറുമ്പോൾ താഴെ സാവോ പോളോ നഗരം ചെറുതായി. അപ്പോൾ മനസ്സിൽ ഒരു ചിന്ത മാത്രം ഈ യാത്ര തുടങ്ങിയത് തന്നെ ഒരു ഓർമ്മപ്പെടുത്തലോടെയാണ്. എല്ലാം നമ്മുടെ നിയന്ത്രണത്തിലാണെന്ന് കരുതരുത്. വലുപ്പത്തിൽ ലോകത്തിലെ അഞ്ചാമത്തെ രാജ്യമായ ബ്രസീലിന്റെ വടക്കു പടിഞ്ഞാറൻ നഗരമായ ‘മനൗസ്’, ആമസോൺ കാടുകളോട് ചേർന്നുകിടക്കുന്നു. അവിടുത്തെ വിമാനത്താവളത്തിലേക്ക് ഇറങ്ങിയപ്പോൾ, വായുവിന് പോലും ഒരു കനം. ഈർപ്പവും ചൂടും ചേർന്ന ശ്വാസം. ആമസോൺ ഇവിടെ ഒരു ഭൂമിശാസ്ത്രസ്ഥലം മാത്രമല്ല, അത് ഒരു അന്തരീക്ഷമാണ്. കേരളത്തിന്റെ തന്നെ ഏതാണ്ട് 138 ഇരട്ടി വലിപ്പമുള്ള മഴക്കാടുകളാണ് ആമസോൺ വനങ്ങൾ!... 9 രാജ്യങ്ങളിയായി പടർന്നു കിടക്കുന്ന ഭൂമിയുടെ ശ്വാസകോശം!ഇവിടെയാണ് നമ്മൾ ആമസോണിന്റെ അതിരിലേക്ക് കടക്കുന്നത്. മനൗസിൽ നിന്ന് ബോട്ടിലേക്ക് മാറുമ്പോൾ, യാത്രയുടെ താളം പതുക്കെ താഴ്ന്നു.
എഞ്ചിന്റെ ശബ്ദം നദിയുടെ വിശാലതയിൽ ലയിച്ചു. ആമസോൺ നദി ഒരു നദിയല്ല അതൊരു നീങ്ങുന്ന സമുദ്രമാണ്. കാഴ്ചയ്ക്ക് അറ്റമില്ല. മുകളിലെ ആകാശം വെള്ളത്തിൽ വീണപ്പോൾ, നദി തന്നെ ഒരു കണ്ണാടിയായി.
ഇടയ്ക്കിടെ വെള്ളം പിളർത്തിക്കൊണ്ട് പിങ്ക് ഡോൾഫിനുകൾ ഉയർന്നു ചാടുന്നു.. അവയുടെ നിറം തന്നെ ആമസോണിന്റെ മായാജാലത്തിന്റെ തെളിവായിരുന്നു. ബോട്ടും ബസും ചെറുവഞ്ചികളും മാറിമാറി, ഒടുവിൽ ആമസോൺ കാടിന്റെ ഉള്ളിലേക്ക്. ഇവിടെ ഘടികാരം ഉപയോഗശൂന്യം. രാവിലെയും സന്ധ്യക്കും പക്ഷികളുടെ കൂട്ടകൂചനങ്ങൾ.... രാത്രിയെന്നാൽ ചീവിടുകളുടെയും മറ്റും തുടർച്ചയായ സംഗീതം.
കാടിനുള്ളിൽ ഓരോ ദിവസവും ഒരു പുതിയ ലോകം. പകൽ സമയങ്ങളിൽ ഇലകളുടെ മുകളിലൂടെ ചോരുന്ന സൂര്യപ്രകാശം നിലത്തേക്ക് അരിച്ചിറങ്ങുന്നു. കാട്ടിലൂടെ വിദഗ്ധനായ ഒരു ഗൈഡിന്റെ സഹായത്തോടെ പല സ്ഥലങ്ങളും അറിഞ്ഞും കണ്ടും കറങ്ങിനടന്നു മനസിലാക്കി. ഓരോ ശബ്ദവും ഭയത്തേക്കാളേറെ ജാഗ്രതയാണ് പഠിപ്പിക്കുന്നത്. ആമസോണിലെ ആദിവാസി ഗോത്രങ്ങളോടൊപ്പം ചിലവഴിച്ചത്, യാത്രയിലെ ഏറ്റവും വ്യത്യസ്തമായ അനുഭവങ്ങളിൽ ഒന്നായിരുന്നു. അവരുടെ വീടുകൾ ലളിതമാണ്, പക്ഷേ ജീവിതം അവർക്കു സ്വച്ഛവും സമ്പൂർണ്ണവും. ആദിവാസി കുടിലുകളിലെ ജീവിതം കണ്ടപ്പോൾ, അത്ഭുതപ്പെടുത്തിയത് അവരുടെ ഭക്ഷണസംസ്കാരമാണ്. അടുക്കളയെന്ന് വിളിക്കാൻ പ്രത്യേക മുറിയില്ല, കാട് തന്നെയാണ് അവരുടെ അടുക്കള. അവർ ഒരുക്കുന്ന വിഭവങ്ങളിൽ, ചിതൽ വറുത്തത് പോലുള്ള ഭക്ഷണങ്ങൾ ഉണ്ടായിരുന്നു. ആദ്യം കാണുമ്പോൾ മനസ്സ് അല്പം പിന്നോട്ടു പോയി. നഗരജീവിതത്തിൽ വളർന്ന ഒരാൾക്ക്, അത് വെറും ഭക്ഷണമല്ല - സാംസ്കാരികമായ ഒരു അതിർത്തിയാണ്. അതുപോലെ തന്നെ, ഉറുമ്പുകളെ ഉപയോഗിച്ചുണ്ടാക്കുന്ന ചില തോരൻ പോലുള്ള വിഭവങ്ങളും അവിടെ കണ്ടു. ചെറിയതും ലളിതവുമായ ചേരുവകൾ, പക്ഷേ അവയ്ക്കുപിന്നിൽ തലമുറകളുടെ അറിവുണ്ട്. അവിടെ മറ്റൊരു ജീവിവർഗവും ഉണ്ടായിരുന്നു ചെറിയ മുതലകുഞ്ഞുങ്ങളെ ഓർമിപ്പിക്കുന്ന രൂപമുള്ള ഒരു ജീവി. അതിനെയും കനലിൽ ചുട്ടു കഴിക്കാൻ വെച്ചിരിക്കുന്നുണ്ടായിരുന്നു. കാടിനുള്ളിൽ ഇതെല്ലാം സാധാരണമായ ഒന്നാണത്, പക്ഷേ പുറത്തുള്ള ലോകത്തിന് അത്ഭുതം.
എനിക്ക് അവയെ രുചിച്ചു നോക്കാനുള്ള ധൈര്യം ഉണ്ടായില്ല. എന്നാൽ കാണുകയും മനസ്സിലാക്കുകയും ചെയ്തു. അവർ കഴിക്കുന്നത് കാടിനോട് യുദ്ധം ചെയ്ത് നേടുന്നതല്ല, കാടിനൊപ്പം ജീവിച്ച് പങ്കുവയ്ക്കുന്നതാണ്.
അവരുടെ ഭക്ഷണരീതിയിൽ ആവശ്യമില്ലാത്ത ശേഖരണമില്ല. ഇന്നത്തേക്ക് വേണ്ടത് ഇന്നെടുക്കും. നാളെയുടെ വിശപ്പ് നാളെയുടെ കാടിന് വിട്ടു നൽകും. ഇവയെല്ലാം കണ്ടപ്പോൾ, ആമസോൺ ആദിവാസി സമൂഹം പിന്നോക്കമല്ലെന്ന് വ്യക്തമായി. അവർ മുന്നേറാത്തത് അല്ല, മറിച്ചു വേറൊരു ദിശയിലാണ് മുന്നേറുന്നത്. ആമസോണിലെ പിങ്ക് ഡോൾഫിനുകളെ നേരത്തെ കണ്ടത് യാദൃശ്ചികമല്ല. അവയ്ക്കായി പ്രത്യേകം നിശ്ചയിച്ച, നിയന്ത്രിതമായ ഒരു പ്രദേശത്താണ് അവയോടൊപ്പം നീന്താനുള്ളൊരു അവസരം ലഭിച്ചത്. കാടിനെയും ജീവികളെയും അറിയുന്ന, അവയുമായി ചിരപരിചിതനായ ഒരു ഗൈഡിന്റെ സഹായത്തോടെയാണ് ഇതെല്ലാം നടന്നത്...ബോട്ടിൽ നിന്ന് വെള്ളത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ ഗൈഡ് നിർദ്ദേശങ്ങൾ നൽകി. ഇത് വിനോദമല്ല ഇത് ഒരു വിശ്വാസബന്ധമാണ്, അദ്ദേഹം പറഞ്ഞു. ശബ്ദമുണ്ടാക്കരുത്. പെട്ടെന്ന് ചലിക്കരുത്. ഡോൾഫിനുകളെ പിന്തുടരരുത്. അവരാണ് നമ്മളിലേക്ക് വരേണ്ടത്. അവയുടെ തീറ്റയായ ചെറിയ മീൻകുഞ്ഞുങ്ങൾ കൈയിൽ പിടിച്ച്, പതുക്കെ വെള്ളത്തിലേക്ക് ഇറങ്ങിയപ്പോൾ, ചെറിയ ഭയം ഉള്ളിലുണ്ടായിരുന്നു, കടലിൽ വെറുതെ കിടക്കുന്ന പരിശീലനം കിട്ടാത്ത ഡോളൾഫിനുകൾ ആണല്ലോ, ഒരു ആവേശത്തിനു ഇറങ്ങിയെങ്കിലും ഉപദ്രിവിച്ചാലോ. എന്നാലും ഇനി ഒരു അവസരം കിട്ടില്ലല്ലോ എന്നോർത്തപ്പോൾ ധൈര്യം സംഭരിച്ചു ഇറങ്ങി. അങ്ങനെ വെയിറ്റ് ചെയ്യുമ്പോൾ ആമസോൺ നദിയുടെ ഉപരിതലം ഒന്ന് ഇളകി. ആദ്യം ഒരു ചലനം. പിന്നെ മറ്റൊന്ന്. വെള്ളം പിളർത്തിക്കൊണ്ട്, പിങ്ക് ഡോൾഫിനുകൾ പതുക്കെ അടുത്തേക്ക് വന്നു.
അവയ്ക്ക് ഭക്ഷണം നൽകുന്ന നിമിഷങ്ങൾ, മനുഷ്യനും വന്യജീവിയും തമ്മിലുള്ള ഒരു നിശ്ശബ്ദ ഉടമ്പടിപോലെയായിരുന്നു. ആദ്യഭയമെല്ലാം പോയപ്പോൾ അവയോടൊപ്പം വെള്ളത്തിലിറങ്ങി നീന്തുമ്പോൾ, സമയം അപ്രസക്തമായി. അവയുടെ ശരീരചലനങ്ങൾ, ശ്വാസത്തിന്റെ താളം, വെള്ളത്തിൽ സൃഷ്ടിക്കുന്ന തരംഗങ്ങൾ എല്ലാം ചേർന്ന് ഒരു മായാജാലം. വെള്ളത്തിൽ നിന്ന് മടങ്ങി ബോട്ടിലേക്ക് കയറുമ്പോൾ, ഒരു ബോധ്യം ഉറച്ചിരുന്നു. ആമസോൺ അതിന്റെ അത്ഭുതങ്ങൾ കാട്ടുന്നത്, അതിനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ്. മറ്റൊരു ദിവസം ആമസോൺ നദിയിലെ അപകടകാരികളായ പിരാന മീനുകളെ കാണാനാണ് പോയത്. നദിയിലേക്കു ഇറങ്ങുന്ന മനുഷ്യരെയും മൃഗങ്ങളെയും മറ്റും നിമിഷ നേരം കൊണ്ട് മാംസമെല്ലാം ഭക്ഷിച്ചു എല്ലുകൾ മാത്രം ബാക്കിയാക്കുന്ന കഥകൾ പണ്ട് മുതലേ കൗതുകത്തോടെ കേട്ടിരുന്നു. പിരാന മീനുകളെ കണ്ടപ്പോൾ ആദ്യം ഭയമായിരുന്നു... ഗൈഡ് അവയെ പിടിക്കാൻ പഠിപ്പിച്ചു ...പക്ഷേ പിടിക്കാൻ പഠിക്കുമ്പോൾ, ഭയം അറിവായി മാറി. കൂർത്തപല്ലുകൾ നിറഞ്ഞ വായുള്ള, വല്യ വലുപ്പമൊന്നുമില്ലാത്ത കുഞ്ഞൻ മൽസ്യങ്ങൾ തന്നെയാണ് പിരാന. പക്ഷെ അവരുടെ കൂട്ടത്തോടെയുള്ള ആക്രമണം അത്യന്തം അപകടകരമാണ്. ബോട്ടിലൂടെ ആമസോൺ നദിയിലൂടെ സഞ്ചരിക്കുമ്പോൾ, ഗൈഡ് ഒരു പ്രത്യേക ഭാഗത്തേക്ക് ശ്രദ്ധ ക്ഷണിച്ചു. ആദ്യനോട്ടത്തിൽ അത് ഒരു സാധാരണ നദിക്കാഴ്ചപോലെ തോന്നും. പക്ഷേ കുറച്ച് നിമിഷങ്ങൾ നോക്കി നിൽക്കുമ്പോൾ, കണ്ണ് തന്നെ വിശ്വസിക്കാതെ പോകും.
രണ്ട് നദികൾ...ഒരേ വഴിയിൽ...ഒരേ ദിശയിൽ ഒന്നിക്കാതെ ഒന്നിച്ചു ഒഴുകുന്നു...ഒരു വശത്ത് കറുപ്പുനിറമുള്ള വെള്ളം റിയോ നെഗ്രോ നദി. മറ്റൊരു വശത്ത് മണ്ണുനിറം കലർന്ന വെളുത്ത വെള്ളം, റിയോ സോളിമോയിസ് നദി.ഈ രണ്ടു നദികൾ ഇവിടെ രണ്ടുവശത്തും നിന്നും വന്നു ഒന്നായി ചേർന്നാണ് മുന്നോട്ട് ഒഴുകുന്നത്. പക്ഷേ കിലോമീറ്ററുകളോളം അവയുടെ വെള്ളം തമ്മിൽ കലരുന്നില്ല. ഒരു നദിക്കുള്ളിൽ തന്നെ രണ്ട് നിറങ്ങൾ, വ്യക്തമായ അതിരോടെ... ഇത് വെറും കാഴ്ചമാത്രമല്ല ശാസ്ത്രത്തിന്റെ അത്ഭുതമാണ്. റിയോ നെഗ്രോയുടെ വെള്ളം മന്ദഗതിയിലാണ് ഒഴുകുന്നത്. അതിൽ ചൂട് കൂടുതലും ഖനിജങ്ങളും ലവണങ്ങളും കുറവുമാണ്. അതിന്റെ കറുപ്പ് നിറം, കാടിലെ ഇലകളും സസ്യങ്ങളും ചീഞ്ഞുണ്ടാകുന്ന ജൈവവസ്തുക്കളിൽ നിന്നാണ്. അതേസമയം, റിയോ സോളിമോയിസ് വേഗത്തിൽ ഒഴുകുന്ന നദിയാണ്. ആൻഡീസ് പർവ്വതങ്ങളിൽ നിന്നുള്ള മണ്ണും ലവണങ്ങളും ഖനിജങ്ങളും ഇതിൽ ധാരാളം കലർന്നിരിക്കുന്നു. അതുകൊണ്ടാണ് അതിന്റെ വെള്ളത്തിന് വെളുത്ത മഞ്ഞ കലർന്ന നിറം. വേഗത, ചൂട്, സാന്ദ്രത തുടങ്ങി പല വ്യത്യാസങ്ങളാണ് ഈ രണ്ട് നദികൾ ഒരേ പാതയിൽ ഒഴുകിക്കൊണ്ടിരിക്കുമ്പോഴും തമ്മിൽ ചേരാതിരിക്കാൻ കാരണം. ബോട്ടിൽ നിന്ന് ആ കാഴ്ച നോക്കുമ്പോൾ, ഒരു രേഖ വരച്ചതുപോലെ വെള്ളം വേർതിരിഞ്ഞുനിൽക്കുന്നു. മനുഷ്യൻ വരച്ച അതിരുകളെക്കാൾ ശക്തമായ ഒരു പ്രകൃതിയുടെ നിയമരേഖ. അത് ഒരപൂർവ്വ കാഴ്ചയായി ഏറെനേരം കണ്ട് നിന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ എല്ലാം ഒന്നാകണമെന്നില്ല..വ്യത്യസ്തതകൾ നിലനിന്നുകൊണ്ടും ഒരേ ദിശയിൽ ഒഴുകാൻ കഴിയും. ആമസോൺ നദി ഇവിടെ ഒരു പ്രകൃതി പാഠം പഠിപ്പിക്കുന്നു. അനക്കോണ്ടയെ കണ്ട നിമിഷം, സ്തബ്ദനാകാൻ ഇരുന്ന ഞാൻ ചമ്മിപ്പോയി. സിനിമയിൽ അങ്ങനെ പലതുംകാണിക്കാല്ലോ... ഒരു പെരുമ്പാമ്പ് എന്നതിൽ കവിഞ്ഞു കൂടുതൽ ഡെക്കറേഷന്റെ ആവശ്യമില്ല. നാലോ അഞ്ചോ ദിവസങ്ങൾക്കുശേഷം മടങ്ങുമ്പോൾ, കൊണ്ടുവന്നത് ഫോട്ടോകളും ഓർമകളും മാത്രമല്ല. നഗരത്തിലേക്ക് മടങ്ങുന്ന ശരീരത്തിനൊപ്പം, കാട് മനസ്സിനുള്ളിൽ തന്നെ പൊതിഞ്ഞെടുത്തു... മനൗസിൽ നിന്നും മടങ്ങിയ വിമാനം വീണ്ടും ആകാശം കീറുമ്പോൾ, അമസോൺ താഴെ അപ്രത്യക്ഷമായിപ്പോയ്കൊണ്ടിരുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.