ദുബൈ പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി നായിഫ് സ്റ്റേഷൻ സന്ദർശിക്കുന്നു
ദുബൈ: നഗരത്തിലെ സുപ്രധാന വാണിജ്യ കേന്ദ്രമായ നായിഫിലെ പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും സജ്ജീകരണങ്ങൾ വിലയിരുത്തുകയും ചെയ്ത പൊലീസ് മേധാവി, പ്രദേശത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനായി സ്റ്റേഷനിലെ ജീവനക്കാർ നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുകയും ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്ന് ഉണർത്തുകയും ചെയ്തു.
സ്റ്റേഷൻ പ്രവർത്തിക്കുന്നത് മികച്ച നിലവാരത്തിലാണെന്ന് വിലയിരുത്തിയ അദ്ദേഹം റോഡ് സുരക്ഷ നിലനിർത്തുന്നതിനും പ്രദേശത്തെ താമസക്കാർക്കിടയിൽ ബോധവത്കരണത്തിനുമായി സംഘടിപ്പിക്കുന്ന പരിപാടികളെ പ്രശംസിക്കുകയും ചെയ്തു.
നായിഫ് പ്രദേശം ദുബൈയിലെ സുപ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ്. ഗോൾഡ് സൂക്കും സൂഖ് മുർഷിദും നിരവധി എക്സ്ചേഞ്ച് സെന്ററുകൾ, ബാങ്കുകൾ, ഷോപ്പുകൾ എന്നിവയും ഉൾപ്പെടുന്ന സ്ഥലമായതിനാൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന് എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ ഡോ. താരിഖ് തഹ്ല തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ സന്ദർശനത്തിൽ അദ്ദേഹത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.